News

അമ്മയുടെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കു നന്ദിയറിയിച്ച് ആസിയ ബിബിയുടെ മകള്‍

സ്വന്തം ലേഖകന്‍ 26-11-2018 - Monday

ഇസ്ലാമാബാദ്: ആസിയ ബീബിയുടെ മോചനം സാധ്യമാക്കിയ ദൈവത്തിനും പ്രാർത്ഥിച്ച ആഗോള ക്രൈസ്തവ സമൂഹത്തിനും കൃതജ്ഞത രേഖപ്പെടുത്തി മകൾ ഐഷാം ആഷിക്. ധീരമായ തീരുമാനം എടുത്ത വിധികർത്താക്കൾക്കും പാക്കിസ്ഥാൻ നീതിന്യായ വ്യവസ്ഥിതിയ്ക്കും അവർ നന്ദി പറഞ്ഞു. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് പുറത്തുവിട്ട വീഡിയോയിലാണ് നന്ദി പ്രകടനം. കുടുംബത്തിന് സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്ത ഇറ്റാലിയൻ ഭരണകൂടത്തിനും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ഐഷാം വീഡിയോയില്‍ നന്ദി പറയുന്നുണ്ട്.

ഇതിനിടെ ആസിയ ബീബിയുടെ കുടുംബം മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന തീവ്ര ഇസ്ലാം മതസ്ഥര്‍ ഭവനങ്ങൾ കയറിയിറങ്ങി അവരെ കണ്ടെത്താൻ ശ്രമിക്കുന്നതായി എയിഡ് ടു ചർച്ച് ഇൻ നീഡ് വക്താവ് ജോൺ പൊന്തിഫക്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു. മതനിന്ദ ആരോപണം മൂലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വർഷം തടവിൽ കഴിഞ്ഞ ആസിയ ബീബിയെ സുപ്രീം കോടതി മോചിപ്പിച്ചതിൽ രോഷാകുലരാണ് മുസ്ളിം സമൂഹം. ക്രൈസ്തവർക്കെതിരെ ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് പോലീസ് നല്കിയിട്ടുണ്ട്.

അതേസമയം, കുടുംബം വീട്ടുതടങ്കലിൽ കഴിയുന്ന അവസ്ഥയാണെന്ന് നേരത്തെ ആസിയ ബീബിയുടെ ഭർത്താവ് ആഷിക്ക് മസിഹ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിൽ തുടരുന്നത് ജീവന് അപകടമാണെന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക നേതാക്കന്മാരുടെ സഹായം അഭ്യർത്ഥിച്ച അദ്ദേഹത്തിനും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്ത് കാനഡ, നെതർലന്‍റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ട് വന്നിരിന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.


Related Articles »