India - 2024

എസ്എംവൈഎം കര്‍ണാടക റീജണിനു ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

ബംഗളൂരു: മാണ്ഡ്യ, ബല്‍ത്തങ്ങാടി, ഭദ്രാവതി എന്നീ സീറോ മലബാര്‍ രൂപതകളിലെ യുവജന വിഭാഗങ്ങളെ ഒരുമിപ്പിച്ചു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) കര്‍ണാടക റീജണിനു ഔദ്യോഗിക തുടക്കം. ഹുളിമാവ് സാന്തോം പാരീഷ് സെന്ററില്‍ നടന്ന സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനംചെയ്തു. യുവജനങ്ങള്‍ പലതരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അങ്ങനെയുള്ളവരെ അകത്തേക്കു ക്ഷണിക്കാനും കൂടെ നിര്‍ത്താനും യുവജനസംഘടനകള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എംവൈഎം മാണ്ഡ്യ ഡയറക്ടര്‍ ഫാ. മനോജ് അന്പലത്തിങ്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ 'യുവജനങ്ങള്‍ സുവിശേഷ ചൈതന്യത്തിന്റെ സാക്ഷികള്‍' എന്ന വിഷയത്തില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍ ക്ലാസ് നയിച്ചു. യുവജനങ്ങളുടെ സംശയങ്ങള്‍ക്കു മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മറുപടി നല്‍കി. എസ്എംവൈഎം ബല്‍ത്തങ്ങാടി ഡയറക്ടര്‍ ഫാ. ഷിബി പുതിയാറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബെറ്റ്‌സി സിഎംസി, പ്രസിഡന്റ് പ്രിന്‍സ് മാത്യു, എസ്എംവൈഎം ഭദ്രാവതി ഡയറക്ടര്‍ ഫാ. നിഖില്‍ പനക്കച്ചിറ, ആനിമേറ്റര്‍ സിസ്റ്റര്‍ സോഫിയ, പ്രസിഡന്റ് ക്രിസ്റ്റി വില്‍സണ്‍, എസ്എംവൈഎം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വൈസ് പ്രസിഡന്റ് അഞ്ജന ട്രീസ ജോസഫ്, സെക്രട്ടറി വിനോദ് റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ എസ്എംവൈഎം കര്‍ണാടക റീജന്റെ പ്രഥമ പ്രസിഡന്റായി പി.എ. അഭിലാഷും ജനറല്‍ സെക്രട്ടറിയായി ആകാശ് തോമസും തെരഞ്ഞെടുക്കപ്പെട്ടു. സനുമോന്‍ തോമസാണ് ഡെപ്യൂട്ടി പ്രസിഡന്റ്. വൈസ് പ്രസിഡന്റായി എയ്ഞ്ചല്‍ ജോസഫും കൗണ്‍സിലര്‍മാരായി ജോയല്‍ ജോയിയും ശീതള്‍ ജിമ്മിയും തെരഞ്ഞെടുക്കപ്പെട്ടു.


Related Articles »