India - 2024

കോതമംഗലം രൂപതാംഗം റോസ് മേരി ഇത്തവണത്തെ ലോഗോസ് പ്രതിഭ

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇത്തവണത്തെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയിലെ കുണിഞ്ഞി പാദുവാഗിരി ഇടവകാംഗമായ റോസ്‌മേരി ലോഗോസ് പ്രതിഭയായി. ഡി വിഭാഗത്തിലാണു റോസ് മേരി മത്സരിച്ചത്. പാലയ്ക്കല്‍ തോമ്മാ മല്പാന്‍ കാഷ് അവാര്‍ഡും (25,000 രൂപ) തൊടുപുഴ കണ്ടിരിക്കല്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന വിശുദ്ധനാടു സന്ദര്‍ശനവുമാണു ലോഗോസ് പ്രതിഭയ്ക്കു സമ്മാനം.

രൂപത, മേഖലാ തലങ്ങളില്‍നിന്ന് ആറു പ്രായവിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സംസ്ഥാനതല മത്സരങ്ങള്‍ പാലാരിവട്ടം പിഒസിയിലാണു നടത്തിയത്. ഇതില്‍ ഒന്നാം സ്ഥാനത്തെത്തിയവരാണു ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്. എ വിഭാഗത്തില്‍ മെറ്റില്‍ഡ ജോണ്‍സണ്‍ (ഇരിങ്ങാലക്കുട), ബി വിഭാഗത്തില്‍ അന്നു മാത്യൂസ് (പാലാ), സി വിഭാഗത്തില്‍ ലിനീന വിബിന്‍ (തൃശൂര്‍), ഇ വിഭാഗത്തില്‍ ജെസി ജോസ് (ചങ്ങനാശേരി), എഫ് വിഭാഗത്തില്‍ മേരി പോള്‍ (പാലാ) എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിനു പുറത്തുനിന്നുള്ള മത്സരാര്‍ഥികളില്‍ മാണ്ഡ്യ രൂപതയിലെ നിമ ലിന്റോ ഒന്നാം സമ്മാനത്തിനു അര്‍ഹയായി.

സമാപന സമ്മേളനത്തില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്കു സ്വര്‍ണ മെഡലുകളും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള 39 രൂപതകളില്‍ നിന്നു 5.47 ലക്ഷം പേരാണ് 19ാമതു ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത്.


Related Articles »