Youth Zone - 2024

ഫിലിപ്പീൻസില്‍ യുവജന വർഷത്തിന് പ്രൗഢ ഗംഭീര തുടക്കം

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

മനില: ആയിരകണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ഫിലിപ്പീൻസിൽ യുവജന വർഷത്തിന് പ്രൗഢ ഗംഭീര തുടക്കം. ഇക്കഴിഞ്ഞ ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുന്നാളിനോടനുബന്ധിച്ചാണ് സെബു അതിരൂപതയിൽ യുവജന വർഷത്തിന് തുടക്കമായത്. ഫ്യുയന്ത ഒസ്മെന സർക്കിൾ ദേവാലയത്തിൽ നടന്ന ഔദ്യോഗിക യുവജന വർഷ പ്രഖ്യാപനത്തിൽ വിവിധ ഇടവകകളിൽ നിന്നുമുള്ള കത്തോലിക്ക യുവജന സംഘടന പ്രതിനിധികൾ പങ്കെടുത്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ യുവജന ദിനത്തിന് സെബു അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് രൂപത ആർച്ച് ബിഷപ്പ് ജോസ് പാൽമ പ്രഖ്യാപിച്ചു. 1986 ആരംഭിച്ച രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ യുവജന ദിനത്തിന് വേദിയാകുന്നത്. 'ഫിലിപ്പൈൻ യുവത്വം മിഷനിൽ: സ്നേഹത്തോടെ, വരദാനത്തോടെ, ശക്തിയോടെ' എന്നതാണ് യുവജന വർഷത്തിന്റെ പ്രമേയം. സമൂഹത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന യുവജനങ്ങൾ എല്ലാവരാലും സ്നേഹിക്കപ്പെടണമെന്നും യുവജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന ശുശ്രൂഷാവരം മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും ബിഷപ്പ് പാൽമോ സന്ദേശത്തിൽ പറഞ്ഞു.

ദിവ്യബലിയ്ക്ക് ശേഷം സെബു നഗരത്തിൽ നിന്നും മെട്രോപൊളിറ്റൻ കത്തീഡ്രലിലേക്ക് സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തിലും ഇതര ശുശ്രൂഷയിലും നാലായിരത്തോളം യുവജനങ്ങളാണ് പങ്കുചേര്‍ന്നത്. 2021 ൽ ഫിലിപ്പീൻ സുവിശേഷവത്കരണത്തിന്റെ അഞ്ഞൂറാം വാർഷികം ആഘോഷിക്കാനിരിക്കെ ഓരോ വര്‍ഷവും ഓരോ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ആചരണം. യുവജന വര്‍ഷത്തിന്റെ ആരംഭമായി ഡിസംബർ രണ്ടിന് മനിലയിൽ പ്രത്യേക ശുശ്രൂഷ നടക്കും.


Related Articles »