News - 2024

മധ്യപൂർവ്വേഷ്യൻ ക്രൈസ്തവരുടെ സഹായത്തിനായുള്ള '390 ബില്‍' അമേരിക്ക പാസ്സാക്കി

സ്വന്തം ലേഖകന്‍ 30-11-2018 - Friday

വാഷിംഗ്ടണ്‍ ഡി.സി: ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തിന് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്കൻ പ്രതിനിധിസഭ ഐകകണ്ഠേന പാസ്സാക്കി. “ഇറാഖ് ആന്‍ഡ്‌ സിറിയ ജെനോസിഡ് റിലീഫ് ആന്‍ഡ്‌ അക്കൗണ്ടബിലിറ്റി ആക്റ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ ബില്‍ നവംബര്‍ 27 ചൊവ്വാഴ്ചയാണ് പാസ്സാക്കിയത്.

റിപ്പബ്ലിക്കനും പ്രതിനിധിസഭാംഗവുമായ ക്രിസ് സ്മിത്താണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. ഡെമോക്രാറ്റ് പാര്‍ട്ടിയംഗമായ അന്നാ ഏഷൂ ഈ ബില്ലിനെ പിന്തുണക്കുകയും ചെയ്തു. മൂന്ന്‍ പ്രാവശ്യമാണ് ഈ ബില്‍ യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിക്കപ്പെട്ടത്.

ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ വംശഹത്യക്കും, മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും, യുദ്ധത്തിനും ഇരയായ ക്രിസ്ത്യന്‍, യസീദി സമുദായാംഗങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുകയാണ് ബില്ലിന്റെ പ്രധാന ഉദ്ദേശ്യം. ഇരു വിഭാഗങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിനും, നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുക, ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ ചെയ്ത കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നവരെ സഹായിക്കുക, കുറ്റവാളികളെ കണ്ടെത്തി വിചാരണ ചെയ്യുവാന്‍ സഹായിക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ക്രൈസ്തവ സന്നദ്ധ സംഘടനകളായ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ 6 കോടി ഡോളറിന്റേയും, ‘നൈറ്റ്സ് ഓഫ് കൊളംബസ്’ 2 കോടി ഡോളറിന്റേയും സഹായം ഇതിനോടകം മധ്യപൂർവ്വേഷ്യയിൽ ചെയ്തുകഴിഞ്ഞുവെന്ന് ക്രിസ് സ്മിത്ത് പറഞ്ഞു. അമേരിക്കന്‍ പ്രതിനിധിസഭയും, സെനറ്റും ബില്‍ ഐകകണ്ഠേനപാസ്സാക്കിയത് വംശഹത്യക്കിരയായ മതന്യൂനപക്ഷങ്ങളെ സഹായിക്കുവാനുള്ള അമേരിക്കയുടെ താല്‍പ്പര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നു നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റായ കാള്‍ ആന്‍ഡേഴ്സന്‍ പ്രതികരിച്ചു.

അതേസമയം ബില്‍ ഇപ്പോള്‍ പ്രസിഡന്റ് ട്രംപിന്റെ പരിഗണനയിലാണ്. ബില്ലില്‍ ഒപ്പ് വെക്കുമെന്ന സൂചനയാണ് പ്രസിഡന്റും നല്‍കിയിട്ടുള്ളത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള അമേരിക്കയുടെ വാഗ്ദാനം യഥാർത്ഥ്യമാകുന്നുവെന്ന സൂചനയായിട്ടാണ് ഈ ബില്ലിനെ നിരീക്ഷകർ നോക്കി കാണുന്നത്.


Related Articles »