News

ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്കു കത്തോലിക്കരുടെ വിശ്വാസത്തെ ഇളക്കുവാന്‍ കഴിഞ്ഞിട്ടില്ല: നൈജീരിയൻ ബിഷപ്പ്

സ്വന്തം ലേഖകന്‍ 30-11-2018 - Friday

വാഷിംഗ്ടണ്‍ ഡിസി/ അബൂജ: ഇസ്ലാമിക ഭീകരവാദി സംഘടനയായ ബൊക്കോഹറാം നടത്തുന്ന ബോംബാക്രമണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, തട്ടിക്കൊണ്ടുപോകലിനും പ്രദേശത്തെ കത്തോലിക്കരുടെ വിശ്വാസതീക്ഷ്ണതയില്‍ ഒരു കുറവും വരുത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് നൈജീരിയൻ ബിഷപ്പ് ഒലിവര്‍ ഡി. ഡോയ്മെ. ക്രൈസ്തവ രക്തസാക്ഷികളുടെ ആദരണാര്‍ത്ഥം നവംബര്‍ 28-ന് വാഷിംഗ്‌ടണിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസലിക്കയില്‍ വെച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കവേ ഒരു കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2009-ലാണ് ഒലിവര്‍ ഡി. ഡോയ്മെ വടക്ക്-കിഴക്കന്‍ നൈജീരിയയിലെ മൈദ്‌ഗുരി രൂപതയുടെ മെത്രാനാകുന്നത്. അന്ന് മുതല്‍ തന്റെ രൂപത നേരിട്ട സഹനങ്ങളെക്കുറിച്ച് മെത്രാന്‍ യാതൊരു കുറിപ്പിന്റേയും സഹായം കൂടാതെ എണ്ണിയെണ്ണി പറയുകയുണ്ടായി. "ആയിരത്തിലധികം കത്തോലിക്കരാണ് ബൊക്കോഹറാമിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 25 വൈദികരും, 45 കന്യാസ്ത്രീകളുമടക്കം ഒരു ലക്ഷത്തിലധികം കത്തോലിക്കര്‍ ചിതറിക്കപ്പെട്ടു. ഇരുനൂറിലധികം ദേവാലയങ്ങളും, നിരവധി കത്തോലിക്ക ഹോസ്പിറ്റലുകളും, സ്കൂളുകളും നശിപ്പിക്കപ്പെട്ടു".

ഒന്നര ലക്ഷത്തോളം അനാഥരെയും, അയ്യായിരത്തോളം വിധവകളെയുമാണ്‌ തന്റെ രൂപത പരിപാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ഈ ദുരന്തങ്ങള്‍ക്കൊന്നും കത്തോലിക്കരുടെ വിശ്വാസത്തെ ഇളക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് മെത്രാന്‍ ഡോയ്മെ അടിവരയിട്ട് പറയുന്നു. വെറും പത്തു സെമിനാരി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളുവാന്‍ കഴിവുള്ള തന്റെ രൂപതയില്‍ 90 പേരാണ് വൈദീകരാകുവാന്‍ പരിശീലനം നടത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന തങ്ങളുടെ പരിമിതികളെക്കുറിച്ചും മെത്രാന്‍ പറഞ്ഞു. പലപ്പോഴും വൈദികർ മരങ്ങളുടെ ചുവട്ടില്‍ വെച്ചോ, താല്‍ക്കാലിക കൂടാരങ്ങളിലോ ആയാണ് വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബൊക്കോഹറാമിന്റെ ശ്രദ്ധ മറ്റ് മേഖലകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാന്‍ പറ്റിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജപമാലയിലുള്ള തങ്ങളുടെ ഭക്തി കാരണമാണ് വിശ്വാസത്തില്‍ തീക്ഷ്ണതയുള്ളവരായിരിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുന്നതെന്നാണ് മരിയ ഭക്തനായ ബിഷപ്പ് ഡോയ്മെ വീണ്ടും സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ തനിക്ക് ഒരു ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന്‍ ജപമാലയോടുള്ള ഭക്തി താന്‍ പ്രചരിപ്പിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ കത്തോലിക്ക സഭ അതിവേഗം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.


Related Articles »