News - 2024

തിരുസഭക്ക് അത്യാവശ്യം ആത്മീയ നവീകരണം: കര്‍ദ്ദിനാള്‍ മുള്ളർ

സ്വന്തം ലേഖകൻ 01-12-2018 - Saturday

റോം: ആത്മീയ നവീകരണം, പ്രാര്‍ത്ഥന, മാനസാന്തരം എന്നിവ കൊണ്ടാണ് സഭയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന പൗരോഹിത്യ മേഖലയിലെ ലൈംഗീക മൂല്യച്യുതിയെ നേരിടേണ്ടതെന്ന് മുന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളര്‍. ഇക്കഴിഞ്ഞ നവംബര്‍ 28-ന് വത്തിക്കാന്‍ ഇന്‍സൈഡറിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. യേശു ക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, സഭയിൽ ഉയരുന്ന ലൈംഗീകാപവാദങ്ങളെ നേരിടുവാന്‍ സഭ ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ കുർബാനക്കിടയില്‍ പുരോഹിതര്‍ മറ്റൊരു ക്രിസ്തുവായി മാറുന്നു എന്ന് പറയുന്നതിന്റെ കാരണം പുരോഹിതന്റെ കഴിവോ, സാമര്‍ത്ഥ്യമോ അല്ല. മറിച്ച് അവന്‍ പൂർണ്ണമായ ഹൃദയത്തോടെ സ്വയം മനുഷ്യര്‍ക്കായി സമര്‍പ്പിക്കുന്നതിനാലാണ്. അതിനാല്‍ ദിവ്യകര്‍മ്മങ്ങളോടുള്ള ഭക്തിയും, വിശുദ്ധ ഗ്രന്ഥ പാരായണവും അതിനെക്കുറിച്ചുള്ള ധ്യാനവും കൂടാതെ പുരോഹിതര്‍ യേശുവിന്റെ ആത്മാവിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ആത്മീയ കാര്യങ്ങളിൽ താല്‍പ്പര്യമില്ലാത്ത ധാരാളം പുരോഹിതരുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവീക പ്രമാണങ്ങളുടെ അന്തസത്ത ഉള്‍കൊള്ളുന്നതും, സഭയുടെ നട്ടെല്ലുമായ സഭാ ചട്ടങ്ങളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കാത്തതുപോലെ, മാനുഷിക മാനദണ്ഡങ്ങളിലും മാറ്റം വരുത്തുവാന്‍ പാടില്ല. പുരോഹിതര്‍ക്ക് ബാഹ്യമായ അച്ചടക്കം മാത്രം പോരാ, ആന്തരികമായ അച്ചടക്കം കൂടി വേണം.

തനിക്ക് വിശ്വാസമുള്ള കര്‍ദ്ദിനാളുമാരുടെ ഒരു കമ്മീഷനെ നിയോഗിച്ചുകൊണ്ട്, കമ്മീഷന്‍ നല്‍കുന്ന വിവരങ്ങളുടെ പിന്‍ബലത്തില്‍ സാഹചര്യങ്ങള്‍ പഠിക്കുക വഴി അമേരിക്കയിലെ ഈ പ്രതിസന്ധി മറികടക്കുന്നതിന് ഫ്രാന്‍സിസ് പാപ്പാക്ക് കഴിയുമെങ്കിലും, പരിശുദ്ധ പിതാവിനെക്കൊണ്ട് എല്ലാക്കാര്യങ്ങളും ഒറ്റക്ക് ചെയ്യുവാന്‍ കഴിയില്ലാത്തതിനാല്‍ അമേരിക്കയിലെ മെത്രാന്‍മാര്‍ വത്തിക്കാന്‍ വിശ്വാസതിരുസംഘത്തിലെ വിദഗ്ദരുമായി കൂടിയാലോചിച്ച് വേണ്ട നടപടി എടുക്കണം. നമ്മുടെ ഹൃദയങ്ങള്‍ ആദ്യപാപം കൊണ്ട് തന്നെ മുറിഞ്ഞിരിക്കുകയാണ്, അതിനാല്‍ ദൈവാനുഗ്രഹം വഴി പ്രലോഭനങ്ങളെ ചെറുക്കണമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.


Related Articles »