News - 2024

ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ദേവാലയത്തിന് പുറത്ത് വിശുദ്ധ കുര്‍ബാനയുമായി വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 04-12-2018 - Tuesday

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും പഴയ കത്തോലിക്ക ഇടവകകളിലൊന്നായ ഷാംഗ്സി പ്രവിശ്യയിലെ ഡോങ്ങര്‍ഗൌ ഇടവക ദേവാലയം പ്രാദേശിക അധികാരികള്‍ അടച്ചുപൂട്ടിയെങ്കിലും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് ക്രൈസ്തവ സമൂഹം. സെവന്‍ സോറോസ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് സെവന്‍ സോറോസ് കത്തോലിക്കാ ദേവാലയമാണ് സര്‍ക്കാര്‍ അധികാരികള്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ അടച്ചുപൂട്ടിയത്. എന്നാല്‍ മാസങ്ങളായി ഈ ദേവാലയത്തിന്റെ പുറത്തു വിശ്വാസികള്‍ ആരാധനകളും ദിവ്യകര്‍മ്മങ്ങളും നടത്തി വരുകയാണ്.

വര്‍ഷം തോറും പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരുന്ന ദേവാലയത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. മലമുകളിലേക്ക് പോകുന്ന കുരിശിന്റെ വഴിയിലെ പാദങ്ങളും, വിശുദ്ധരുടേയും, മാലാഖമാരുടേയും രൂപങ്ങളും കൊണ്ട് മനോഹരമായിരുന്നു ഈ ദേവാലയം. ദേവാലയം ഉപയോഗിക്കുന്നത് അപകടമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അധികാരികള്‍ ഈ ദേവാലയത്തിലെ ദിവ്യകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ദേവാലയം പുതുക്കിപ്പണിയുവാനുള്ള അനുമതിക്കായി ദേവാലയ അധികാരികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും ഉണ്ടായില്ല.

കഴിഞ്ഞ ഒക്ടോബര്‍ മാസം അധികാരികള്‍ ദേവാലയത്തിലെ ഒരു മാലാഖയുടെ രൂപം തകര്‍ത്തിരുന്നു. മതങ്ങളെ കമ്മ്യൂണിസവല്‍ക്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കുക എന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പരസ്യമായ രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്നു വിശ്വാസികള്‍ ഒന്നടങ്കം പറയുന്നു. അതേസമയം തണുപ്പും ചൂടും അവഗണിച്ചു നൂറുകണക്കിന് വിശ്വാസികള്‍ ദേവാലയത്തിന്റെ പുറത്ത് പ്രാര്‍ത്ഥനയുമായി എത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അനുവാദത്തോടെയുള്ള ക്രൈസ്തവ അടിച്ചമര്‍ത്തല്‍ രാജ്യത്തു തുടരുന്നുണ്ടെങ്കിലും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറുകയാണ് ക്രൈസ്തവ സമൂഹം.


Related Articles »