News - 2024

പാക്കിസ്ഥാനിൽ വീണ്ടും ദൈവവിളി വസന്തം; ഏഴുപേർ അഭിഷിക്തരായി

സ്വന്തം ലേഖകന്‍ 05-12-2018 - Wednesday

ലാഹോര്‍: തീവ്ര ഇസ്ളാമിക രാജ്യമായ പാക്കിസ്ഥാനില്‍ ഫ്രാൻസിസ്കൻ സന്യാസി സമൂഹത്തിൽനിന്നുള്ള ഏഴുപേർ പൗരോഹിത്യം സ്വീകരിച്ചു. നവംബർ മുപ്പതാം തീയതി ലാഹോറിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ വെച്ച് നടന്ന തിരുപട്ട ശുശ്രൂഷയിലാണ് ഏഴുപേരും പൗരോഹിത്യത്തെ പുല്‍കിയത്. ലാഹോര്‍ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പുരോഹിതരും സന്യസ്തരും അല്‍മായരും അടക്കം അനേകം പേർ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും പുതിയതായി പൗരോഹിത്യ പട്ടം സ്വീകരിച്ചവർക്കായി പ്രാർത്ഥിക്കാനുമായി ലാഹോറിലെ സേക്രഡ് ഹാർട്ട്സ് കത്തീഡ്രലിൽ എത്തിയിരുന്നു.

ഫ്രാൻസിസ്കൻ സമൂഹത്തിൽനിന്നുള്ള ഏഴുപേരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്യാസ സമൂഹത്തിനും കത്തോലിക്കാസഭയ്ക്കും അതിയായ ആനന്ദം ഉണ്ടെന്ന് രാജ്യത്തെ ഫ്രാൻസിസ്കൻ സന്യാസി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന ഫ്രാൻസിസ് നദീം പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അവർ ക്രിസ്തുവിന്റെ വിശ്വസ്തരായ പിൻഗാമികളായി മാറുവാൻ തങ്ങൾ അവരെ ദൈവത്തിന് ഭരമേൽപ്പിക്കുന്നു. പുതിയ പുരോഹിതർ പ്രാദേശിക സഭയ്ക്ക് കൂദാശ പരികർമ്മത്തിനും, സുവിശേഷ വത്കരണത്തിനുമായി ലഭിച്ച സമ്മാനമാണെന്നും ഫ്രാൻസിസ് നദീം പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇന്ന് ദൈവവിളികളാൽ സമ്പന്നമാണ് പാക്കിസ്ഥാനിലെ കത്തോലിക്കാസഭ. ലാഹോറിൽ സ്ഥിതിചെയ്യുന്ന സെമിനാരിയിൽ നിന്ന് മാത്രമായി മുപ്പതോളം പേരാണ് 2015 ന് ശേഷം പൗരോഹിത്യ പട്ടം സ്വീകരിച്ചത്. കറാച്ചിയിലെയും ലാഹോറിലെയും സെമിനാരികളിലായി നിരവധി പേരാണ് സെമിനാരി പഠനം നടത്തുന്നത്.


Related Articles »