News

ദൈവകുമാരന്റെ ജനനത്തെ വരവേൽക്കാന്‍ സിറിയൻ ജനത: സമ്മാനവുമായി കത്തോലിക്ക സഭയും

സ്വന്തം ലേഖകന്‍ 06-12-2018 - Thursday

ആലപ്പോ: യുദ്ധക്കെടുതിയുടെ നടുവിലും പ്രതീക്ഷയുടെ വെളിച്ചമായ യേശുക്രിസ്തുവിന്റെ ജനനത്തെ ആഘോഷമാക്കുകയാണ് സിറിയയിലെ ക്രൈസ്തവ ജനത. സിറിയയിലെ പ്രശസ്ത ക്രൈസ്തവ നഗരമായ ഹവാശിൽ പിറവി തിരുനാളിനോടിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ക്രിസ്തുമസ് ട്രീ ദീപം തെളിയിച്ചത്. ആഘോഷത്തിൽ പങ്കെടുക്കാനായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് വന്നുചേര്‍ന്നത്. വിശുദ്ധ ഏലിയാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ആഘോഷം നടന്നത്.

ലെബനൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പച്ചപ്പണിഞ്ഞ ഹവാശ് നഗരം സിറിയയിലെ യുദ്ധങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും മുൻപ് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായിരുന്നു. അശാന്തിയുടെ താഴ്വരയില്‍ യേശുവിന്റെ ജനനത്തിന് ഒരുക്കമായുള്ള ക്രിസ്തുമസ് ട്രീ തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുകയാണ്.

ഇതിനിടെ വത്തിക്കാൻ നിയന്ത്രണത്തിലുള്ള 'ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്' ക്രൈസ്തവ സന്നദ്ധ സംഘടന ദുരിതം അനുഭവിക്കുന്ന സിറിയൻ ജനതക്ക് ക്രിസ്തുമസ് സമ്മാനം നൽകാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സിറിയൻ ജനതക്ക് ഏറ്റവും അത്യാവശ്യമുള്ള മരുന്നും, ഭക്ഷണവും, വിദ്യാഭ്യാസവുമാണ് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന നൽകുക. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന സിറിയയിലെ 1725 ക്രൈസ്തവ കുടുംബങ്ങൾക്ക് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഭക്ഷണപ്പൊതി എത്തിച്ചു നൽകും. ഇതിൽ 625 കുടുംബങ്ങൾക്ക് സ്വന്തമായി കിടപ്പാടം ഇല്ലാത്തവരാണ്.

സംഘടനയുടെ മറ്റൊരു പദ്ധതിപ്രകാരം ആലപ്പോയിലെ എഴുന്നൂറോളം കുടുംബങ്ങൾക്ക് വൈദ്യശാസ്ത്ര സഹായം ലഭിക്കും. യുദ്ധംമൂലം വിദ്യാഭ്യാസം മുടങ്ങിപ്പോയ സിറിയയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം പുനരാരംഭിക്കുക എന്നതാണ് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മൂന്നാമത്തെ പദ്ധതി. യുദ്ധത്തിന്റെ കോലാഹലങ്ങള്‍ പതിയെ അവസാനിക്കുമ്പോള്‍ ഇത്തവണത്തെ ക്രിസ്തുമസ് സിറിയൻ ജനതയ്ക്ക് പുതിയൊരു ജീവിതത്തിനുള്ള പ്രതീക്ഷ പകർന്നു നൽകുകയാണ്.


Related Articles »