News - 2024

ഈജിപ്ഷ്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍ 06-12-2018 - Thursday

കെയ്റോ: ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി ചെയര്‍മാനായ കമ്മിറ്റി ഈജിപ്തിലെ 151 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. മതിയായ രേഖകള്‍ ലഭിച്ചാല്‍ 17 ദേവാലയങ്ങള്‍ക്ക് കൂടി ഉടന്‍തന്നെ നിയമസാധുത നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നത്.

നിയമസാധുത നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കണമെന്നും, അപേക്ഷിച്ചിരിക്കുന്ന ദേവാലയങ്ങള്‍ക്ക് 2016-ലെ നിയമമനുസരിച്ചുള്ള (Law No. 80) മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ട സമയക്രമം നിശ്ചയിക്കണമെന്നും ഹൗസിംഗ് ആന്‍ഡ്‌ അര്‍ബന്‍ യൂട്ടിലിറ്റി വകുപ്പ് മന്ത്രികൂടിയായ മാഡ്ബൗലി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദേവാലയങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ നിശ്ചയിച്ച സമത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയമസാധുതക്കായി അപേക്ഷിച്ചിരിക്കുന്ന ദേവാലയങ്ങളുടെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിയ പഠന റിപ്പോര്‍ട്ട്, നീതിന്യായ വകുപ്പ് ആന്റിക്വിറ്റീസ് ആന്‍ഡ് പാര്‍ലമെന്റ്റി അഫയേഴ്സ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഈജിപ്ത് സര്‍ക്കാര്‍ 166 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്.

ഈജിപ്ത് കത്തോലിക്ക സഭയുടെ ഔദ്യോഗിക വക്താവ് ഫാ. റഫീക്ക് ഗ്രെയിഛെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംഗീകാരം ലഭിച്ച നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം ക്രിസ്ത്യാനികളാണെങ്കിലും പുതിയൊരു ദേവാലയം പണിയുന്നതിനായുള്ള അനുമതി ലഭിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.


Related Articles »