News - 2024

കത്തോലിക്ക സന്നദ്ധ സംഘടനകള്‍ക്കു ആമസോണ്‍ തലവന്റെ സഹായം

സ്വന്തം ലേഖകന്‍ 06-12-2018 - Thursday

വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളും, പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും, സി.ഇ.ഒയുമായ ജെഫ്‌ ബെസോസിന്റേയും, പത്നി മക്കെന്‍സി ബെസോസിന്റേയും സഹായം കത്തോലിക്ക സംഘടനകള്‍ക്ക്. ന്യൂ ഓര്‍ലീന്‍സ്, മിയാമി അതിരൂപതകളുടെ കത്തോലിക്ക ചാരിറ്റീസും, വെസ്റ്റേണ്‍ വാഷിംഗ്ടണ്‍ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസുമാണ് ഡേ 1 ഫാമിലി ഫണ്ടിന് അര്‍ഹരായത്. 50 ലക്ഷം ഡോളര്‍ വീതം മൊത്തം 1.5 കോടി ഡോളറായിരിക്കും കത്തോലിക്ക സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുക. കത്തോലിക്ക ചാരിറ്റി സംഘടനകള്‍ ഉള്‍പ്പെടെ ആകെ 24 എന്‍ജിഒ സംഘടനകളാണ് ഈ ഫണ്ടിന് അര്‍ഹരായിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെസോസിന്റെ ഡേ 1 ഫാമിലി ഫണ്ട് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 24 സംഘടനകളും വഴി 9.75 കോടി ഡോളര്‍ ഭവനരഹിതര്‍ക്കായി ചിലവിടുവാനാണ് ബെസോസ് പദ്ധതിയിടുന്നത്. ഫണ്ട് ലഭിച്ച മൂന്ന്‍ കത്തോലിക്ക സന്നദ്ധ സംഘടനകളും ബെസോസിന് നന്ദി അറിയിച്ചു. മിയാമി-ഡേഡ്, ബ്രൊവാര്‍ഡ്, മണ്‍റോ മേഖലകളിലെ ഭവനരഹിതരെ സഹായിക്കുവാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്ന് മിയാമി അതിരൂപത കത്തോലിക്ക സംഘടനയും, തങ്ങളുടെ മേഖലയിലെ പാര്‍പ്പിടമില്ലായ്മ എന്ന വെല്ലുവിളിയെ നേരിടുവാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്നും, അടുത്ത 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭവനരഹിതരായ മൂവായിരത്തിയറുനൂറോളം കുടുംബങ്ങളെ സഹായിക്കുവാന്‍ ഫണ്ട് ഉപകരിക്കുമെന്നും കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസും അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ആമസോണ്‍ തലവന്‍ ‘ഡേ 1 ഫണ്ട്’ സ്ഥാപിച്ചത്. ഭവനരഹിതര്‍ക്ക് വേണ്ടി എന്‍.ജി.ഒ സംഘടനകള്‍ വഴി വിതരണം ചെയ്യുന്ന ഫാമിലി ഫണ്ടിനും, ജീവിത വരുമാനം കുറഞ്ഞ പ്രദേശങ്ങളില്‍ പ്രീസ്കൂളുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അക്കാഡമീസ് ഫണ്ടിനുമായിട്ടായിരിക്കും ഡേ വണ്‍ ഫണ്ട് ചിലവഴിക്കുക.


Related Articles »