News

ദിവ്യകാരുണ്യ വര്‍ഷത്തിന് പാക്കിസ്ഥാനിൽ പ്രാർത്ഥന നിർഭരമായ സമാപനം

സ്വന്തം ലേഖകന്‍ 07-12-2018 - Friday

ലാഹോര്‍: ആത്മീയ വളര്‍ച്ചയും, ആന്തരിക നവീകരണവും ലക്ഷ്യമിട്ടു പാക്കിസ്ഥാനിലെ കത്തോലിക്ക സഭ കഴിഞ്ഞ ഒരു വര്‍ഷമായി ആചരിച്ചു വന്ന ‘ദിവ്യകാരുണ്യ വര്‍ഷത്തിന്’ സമാപനം. പാക്കിസ്ഥാനിലെ ആരാധനാ സമിതിയുടെ പ്രസിഡന്‍റും മുള്‍ട്ടാനിലെ മെത്രാനുമായ ബിഷപ്പ് ബെന്നി ട്രവാസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ദിവ്യകാരുണ്യ വര്‍ഷത്തിനു സമാപനമായത്. ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ സഹകാര്‍മ്മികനായിരുന്നു. പാക്കിസ്ഥാനിലെ വിവിധ രൂപതകളില്‍ നിന്നും പുരോഹിതരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.

ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെപ്പോലെ മറ്റുള്ളവരുടെ അപ്പമായിരിക്കുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന്‍ ബിഷപ്പ് ബെന്നി ട്രവാസ് പറഞ്ഞു. ദിവ്യകാരുണ്യ വര്‍ഷം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച അത്ഭുതങ്ങളെക്കുറിച്ചുള്ള സാക്ഷ്യങ്ങളുമായി വരും വര്‍ഷങ്ങളില്‍ വിശ്വാസികള്‍ വരുമ്പോഴാണ് നമുക്കിതിന്റെ ഫലങ്ങള്‍ ലഭിച്ചു തുടങ്ങിയതായി മനസ്സിലാകുക. വിശുദ്ധ കുര്‍ബാനകളിലൂടെയും, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയുമാണ്‌ യേശുവിനെ കണ്ടെത്തുവാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ജീവന്റെ അപ്പം ഞാനാകുന്നു” (യോഹന്നാന്‍ 6:35) എന്നതായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ദിവ്യകാരുണ്യ വര്‍ഷത്തിന്റെ മുഖ്യ പ്രമേയം. ദിവ്യകാരുണ്യ വര്‍ഷ സമാപനത്തോടനുബന്ധിച്ച്, ദിവ്യകാരുണ്യവും വിശ്വാസവും, ദിവ്യകാരുണ്യവും സമൂഹവും, ദിവ്യകാരുണ്യവും ആരാധനയും, ദിവ്യകാരുണ്യവും ദൈവത്തിന്റെ സൃഷ്ടിയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പരിപാടികള്‍ പാക്കിസ്ഥാനിലെ വിവിധ രൂപതകളില്‍ സംഘടിപ്പിച്ചിരിന്നു. ഏതാണ്ട് അന്‍പതിനായിരത്തോളം പേരാണ് ഇക്കാലയളവില്‍ രാജ്യത്ത് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്.


Related Articles »