News - 2024

തോമാശ്ലീഹായുടെ പാരമ്പര്യം നിഷേധിക്കുന്നവര്‍ അപ്പസ്‌തോലിക പാരമ്പര്യം നിഷേധിക്കുന്നു: ഡോ. ഡേവിഡ് ടെയ്‌ലര്‍

സ്വന്തം ലേഖകന്‍ 07-12-2018 - Friday

ലണ്ടന്‍: തോമാശ്ലീഹായുടെ പാരമ്പര്യങ്ങളെ നിഷേധിക്കുന്നവര്‍ മറ്റെല്ലാ അപ്പസ്‌തോലിക പാരന്പര്യങ്ങളും നിഷേധിക്കുന്നുവെന്ന് ലോകപ്രശസ്ത സുറിയാനി പണ്ഡിതനും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ അറമായിക് സുറിയാനി വിഭാഗം പ്രഫസറുമായ ഡോ. ഡേവിഡ് ടെയ്‌ലര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതികളുടെ ഭാഗമായുള്ള കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്രാ വിവരണങ്ങളെപ്പറ്റിയും, അദ്ദേഹം നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും നിരവധി പൗരാണിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പടെ നിരവധി ചരിത്രകാരന്മാര്‍ ഗവേഷണം നടത്തുകയും വിശദാംശങ്ങള്‍, കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തോടനുബന്ധിച്ചു ലോകപ്രശസ്ത സുറിയാനി പണ്ഡിതരായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്കിനെയും, ഡോ . ഡേവിഡ് ടെയ്‌ലറിനെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, വികാരി ജനറല്‍മാരായ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ.ഡോ.മാത്യു ചൂരപൊയ്കയില്‍, ഫാ.ജോയി വയലില്‍, ഓക്‌സ്ഫോഡ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി ഫാ.ജിജി പുതുവീട്ടിക്കളം എസ് .ജെ, രൂപതയിലെ വൈദികര്‍ സന്യസ്തര്‍ എന്നിവരും സന്നിഹിതരായിരുന്നു .


Related Articles »