News - 2024

കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു ഐറിഷ് പ്രസിഡന്റിന്റെ ഉന്നത അവാര്‍ഡ്

സ്വന്തം ലേഖകന്‍ 07-12-2018 - Friday

ഡബ്ലിന്‍: വിവിധ മേഖലകളില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുംവിധം സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രവാസി അയര്‍ലണ്ടുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് സ്വീകരിച്ചവരില്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകളും. 148-ഓളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി മധ്യപൂര്‍വ്വേഷ്യയില്‍ പലസ്തീന ജനങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിസ്റ്റര്‍ ബ്രിജെറ്റ് ടിഗെയും, 1976 മുതല്‍ കെനിയയിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസപരവും, ആരോഗ്യപരവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മേരി കില്ലീനുമാണ് നവംബര്‍ 29-ന് പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചത്.

ഗ്ലോബല്‍ ഐറിഷ് ഫോറത്തോടനുബന്ധിച്ച് 2011-ലാണ് അയര്‍ലണ്ട് സര്‍ക്കാര്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2012-ല്‍ ആദ്യ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിലുള്ള സംഭാവനകളെ അടിസ്ഥാനമാക്കി 6 വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്. ഇതില്‍ സിസ്റ്റര്‍ ബ്രിജെറ്റിന് സന്നദ്ധ സേവന വിഭാഗത്തിലും, സിസ്റ്റര്‍ മേരി കില്ലീന് സമാധാന അനുരഞ്ജന വിഭാഗത്തിലുമാണ് അവാര്‍ഡ് കിട്ടിയത്. സിസ്റ്റര്‍ ബ്രിജെറ്റ് ഇപ്പോള്‍ ജറുസലേമിലെ കാരിത്താസിന്റെ ജനറല്‍ സെക്രട്ടറിയാണ്. ആറുലക്ഷത്തോളം ആളുകള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന നെയ്റോബിയിലെ മുകൂരു ചേരിപ്രദേശമാണ് സിസ്റ്റര്‍ മേരി കില്ലീന്റെ പ്രധാന സേവനമേഖല.


Related Articles »