News - 2024

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ഹാര്‍പേസ് മാഗസിന്‍

സ്വന്തം ലേഖകന്‍ 11-12-2018 - Tuesday

വാഷിംഗ്ടണ്‍ ഡി.സി: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ പീഡനവും വിവേചനവും നേരിടുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മാസികകളിലൊന്നായ ഹാര്‍പേസ് മാഗസിന്‍. "ദി വാനിഷിംഗ് : ദി പ്ലൈറ്റ് ഓഫ് ക്രിസ്റ്റ്യന്‍സ് ഇന്‍ ആന്‍ ഏജ് ഓഫ് ഇന്‍ടോളറന്‍സ്" എന്ന പേരില്‍ മാഗസിന്റെ ഡിസംബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.

യുദ്ധമുഖത്തെ റിപ്പോര്‍ട്ടിംഗിന് പേരുകേട്ട, നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജാനൈന്‍ ഡി. ജിയോവന്നിയുടേതാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി തയാറാക്കിയതുപോലെ വ്യക്തമായ കണക്കുക്കൂട്ടലുകളോടെയാണ് മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ക്രിസ്ത്യാനികള്‍ തുടച്ചുനീക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആയിരകണക്കിനു ക്രിസ്ത്യാനികളാണ് ഭവനരഹിതരായത്. ഇറാഖിലെ മൊസൂളില്‍ മാത്രം ഒരു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഭവനരഹിതരായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒന്നിന് പിറകെ ഒന്നായി തിരമാലപോലെ ഉണ്ടായ മതപീഡനങ്ങള്‍ ക്രിസ്ത്യാനികളെ മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. ഇറാഖില്‍ പിടിച്ചു നിന്ന ക്രിസ്ത്യാനികളെക്കൂടി മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും തുരുത്തുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഓരോ വീട്ടിലും പോയി ക്രിസ്ത്യാനികളുടെ വീടിന്റെ വാതിലില്‍ ‘നസ്രായേന്‍’ എന്ന് സൂചിപ്പിക്കുന്ന ‘n’ എന്ന് അക്ഷരം അടയാളപ്പെടുത്തുക പതിവായിരുന്നു. 2002-ല്‍ 14 ലക്ഷത്തോളം ക്രിസ്ത്യനികളുണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ 2,50,000-ത്തോളം ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളത്. 80% കുറവാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിമുറുക്കിയതിനു ശേഷം ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള നിരവധി കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇതിനു പുറമേ അമുസ്ലീങ്ങളായവര്‍ക്ക് മേല്‍ ‘ജിസ്യാ’ പോലെയുള്ള നികുതികള്‍ ചുമത്തിയുള്ള പിടിച്ചുപറിയും വ്യാപകമായി നടന്നു. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ക്കേ തന്നെ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ മതപീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതിനുമുന്‍പുള്ളതെല്ലാം അതിജീവിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞുവെങ്കിലും, ഇപ്പോഴത്തെ മതപീഡനങ്ങള്‍ അതിജീവിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.


Related Articles »