India - 2024

സഭയുടെ സാമൂഹ്യസാക്ഷ്യമാണു സേവനപ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നത്: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ

സ്വന്തം ലേഖകന്‍ 08-12-2018 - Saturday

കൊച്ചി: സഭയുടെ സാമൂഹ്യസാക്ഷ്യമാണു സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നതെന്നും ക്രിസ്തുവിന്റെ സ്‌നേഹമാണു നമ്മെ നന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കെസിബിസിയുടെ പ്രളയാനന്തര പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കു നന്മയും സേവനവും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയ പുനര്‍നിര്‍മാണത്തിലുള്‍പ്പെടെ ഏതു സമയത്തും സഭ ജനങ്ങള്‍ക്കൊപ്പമാണെന്ന് അധ്യക്ഷത വഹിച്ച കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. ഓഖിയുടെ ആഘാതമകലും മുന്‍പ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിന്റെ സ്‌നേഹം പൂര്‍ണമാകുന്നത് സഹോദരന്റെ സങ്കടങ്ങള്‍ എന്റെയും സങ്കടമായി ഉള്‍ക്കൊണ്ട് ഏറ്റെടുക്കുന്നതിലാണു കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഓര്‍മിപ്പിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും കേരള കത്തോലിക്ക സഭയുടെ ആദരവ് സമര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, ഫാ. ജോളി പുത്തന്‍പുര, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ജെപിഡി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടികാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »