News - 2024

പതിനായിരങ്ങള്‍ക്ക് ആശ്രയമായ ക്രൈസ്തവ സംഘടനകളെ പാക്കിസ്ഥാൻ നിരോധിച്ചു

സ്വന്തം ലേഖകന്‍ 08-12-2018 - Saturday

കറാച്ചി: ക്രൈസ്തവ സന്നദ്ധ സംഘടനകളായ കാത്തലിക് റിലീഫ് സര്‍വീസസും വേള്‍ഡ് വിഷനും, ഉള്‍പ്പെടെ 18 സംഘടനകളെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പുറത്താക്കി. 60 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, സര്‍ക്കാരുമായി ഒത്തുപോകുന്നില്ല എന്നിവയാണ് പുറത്താക്കലിന്റെ കാരണമായി സർക്കാർ ആരോപിക്കുന്നത്.

18 സംഘടനകളും രാജ്യം വിടേണ്ടതാണെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രിയായ ഷിരീന്‍ മസാരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഭക്ഷണസാധനങ്ങളുടെ വിതരണം തുടങ്ങിയ മേഖലയില്‍ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന സംഘടനകളോടാണ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യം വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 13 വര്‍ഷമായി കാനഡയില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള ഫണ്ടുപയോഗിച്ച് പാക്കിസ്ഥാനില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു വേള്‍ഡ് വിഷന്‍. എട്ടുലക്ഷത്തോളം പാക്കിസ്ഥാനി യുവജനങ്ങളാണ് 2015-മുതല്‍ വേള്‍ഡ് വിഷന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനില്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് ഇതുസംബന്ധിച്ച് വേള്‍ഡ് വിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വേള്‍ഡ് വിഷന്‍ പാക്കിസ്ഥാനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ 2 വര്‍ഷമായി നിയമ പോരാട്ടത്തിലായിരുന്നു.

1954 മുതല്‍ തന്നെ പാക്കിസ്ഥാനിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് യുഎസ് കത്തോലിക്കാ സഭയുടെ ചാരിറ്റി വിഭാഗമായ കാത്തലിക് റിലീഫ് സര്‍വീസസ്. 2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ നേവി സീല്‍സ് നടത്തിയ മിന്നലാക്രമണത്തിലൂടെ അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതിന്റെ പ്രതികാരമായാണ് ഈ നടപടിയെ ഏവരും നോക്കിക്കാണുന്നത്.


Related Articles »