News - 2024

ആവേശം വാനോളമുയര്‍ത്തി വത്തിക്കാനില്‍ പുല്‍ക്കൂട് അനാവരണം ചെയ്തു

സ്വന്തം ലേഖകന്‍ 08-12-2018 - Saturday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ തിരുപ്പിറവിയുടെ സ്മരണകള്‍ ഉയര്‍ത്തി നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തിക്കൊണ്ട് വത്തിക്കാനില്‍ മണലില്‍ തീര്‍ത്ത പുല്‍ക്കൂടും, 42 അടി ഉയരമുള്ള വത്തിക്കാന്‍ ക്രിസ്തുമസ് ട്രീയും അനാവരണം ചെയ്തു. ഇന്നലെ ഡിസംബര്‍ 7 വെള്ളിയാഴ്ച രാത്രിയില്‍ 52 അടി വീതിയുള്ള പുല്‍ക്കൂടിനു മുന്നിലെ തിരശ്ശീല മാറി തിരുപ്പിറവി ദൃശ്യം പുറത്തുവന്നപ്പോള്‍ വന്‍ കരഘോഷമായിരുന്നു.

വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവേണിംഗ് കമ്മീഷന്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഗിയൂസെപ്പേ ബെര്‍ട്ടെല്ലോ, വെനീസ് പാത്രിയാര്‍ക്ക് ഫ്രാന്‍സെസ്ക്കോ മൊറാഗ്ലിയ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സൂര്യാസ്തമയത്തിന് ശേഷം ക്രിസ്തുമസ് ഗാനം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ മുഴങ്ങി തുടങ്ങി. പിന്നീടാണ് ഇറ്റലിയിലെ വെനെറ്റോയിലെ കോണ്‍കോര്‍ഡിയ പോര്‍ഡെനോനെ രൂപത സംഭാവന ചെയ്ത ചുവന്ന സ്പ്രൂസ് മരംകൊണ്ടുള്ള ക്രിസ്തുമസ് ട്രീയിലെ ബള്‍ബുകള്‍ മിന്നിയത്.

യേശുവിന്റെ തിരുപ്പിറവിയുടെ രഹസ്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ദൃശ്യമായ അടയാളങ്ങളാണ് ഈ പുല്‍ക്കൂടും, ക്രിസ്തുമസ്സ് ട്രീയുമെന്നാണ് അനാവരണം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്. ഹോളണ്ട്, റഷ്യ, ചെക്ക് റിപ്പബ്ലിക്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുല്‍ക്കൂടിന്റെ ശില്‍പ്പികള്‍. ഇതിന്റെ മുന്നോടിയായി വെള്ളിയാഴ്ച രാവിലെ “വത്തിക്കാനിലെ 100 പുല്‍ക്കൂടുകള്‍” എന്ന് പേരിട്ടിരിക്കുന്ന പുല്‍ക്കൂടുകളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. യേശുവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിനമായ ജനുവരി 13 വരെ പുല്‍ക്കൂടും, ട്രീയും തീര്‍ത്ഥാടകര്‍ക്ക് കാണാവുന്നതാണ്.


Related Articles »