India - 2024

മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 09-12-2018 - Sunday

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസവും സാന്പത്തിക സഹായവുമാണെന്നും ഓഖി പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. സര്‍ക്കാര്‍ നന്മ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും തിന്മ ചെയ്താല്‍ അതു വിളിച്ചു പറയുമെന്നും ആരെയും കണ്ണടച്ചു പിന്തുണയ്ക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷമായ ലത്തീന്‍ സമുദായത്തോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന അവഗണനയും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇരട്ടത്താപ്പും അവസാനിപ്പിക്കണം. രാജ്യത്തിന്റെ ബഹുമുഖമായ വളര്‍ച്ചയ്ക്കു ലത്തീന്‍ സമുദായം നല്‍കുന്ന സേവനങ്ങള്‍ വലുതാണ്. പ്രളയ ദുരിതാശ്വാസ മേഖലയില്‍ ലത്തീന്‍ സമുദായാംഗങ്ങള്‍ പ്രത്യേകിച്ചു മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഇടപെടലും പ്രവര്‍ത്തനങ്ങളും ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന്റെ സൈന്യമെന്നാണ് ഈ ജനവിഭാഗത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ഈ വിശേഷണത്തിന് ഉടമകളായ തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയുന്നില്ല. പ്രളയാനന്തര നവകേരള നിര്‍മിതിക്കായി ആവേശം കൊള്ളുന്ന ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ദുരിതക്കടലില്‍പ്പെട്ടുഴലുന്ന തീരദേശ ജനതയെയും അവരുടെ ജീവിതക്ലേശങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്.

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തിന്റെ പുനരധിവാസത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും 2,000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രത്തില്‍ തീരവികസനത്തിനായി 7,343 കോടി രൂപയുടെ പദ്ധതി സമര്‍പ്പിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്ത ബാധിതര്‍ക്കായി എന്തുചെയ്തുവെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഓഖി ദുരിതാശ്വാസത്തിനു ലഭിച്ച മുഴുവന്‍ തുകയും ഈ മേഖലയ്ക്കു നല്‍കി വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


Related Articles »