India - 2024

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ചു ശശി തരൂര്‍ എംപി

സ്വന്തം ലേഖകന്‍ 09-12-2018 - Sunday

നെയ്യാറ്റിന്‍കര: ക്രിസ്ത്യാനികള്‍ക്കെതിരെ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ശശി തരൂര്‍ എംപി. മതേതരത്വ മൂല്യങ്ങള്‍ നഷ്ടപെട്ട സാഹചര്യത്തിലാണ് നാം മുന്നോട്ട് പോകുന്നതെന്നും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ന്യൂനപക്ഷങ്ങള്‍ സംഘടിതമായി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെ സമുദായ ദിനാഘോഷം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആസന്നമായിരിക്കുന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍, ഇന്ത്യ ഭരിച്ച് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കിയാല്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഭരണഘടനപോലും തെറ്റാണെന്ന രീതിയിലുളള പ്രചരണമാണ് ഭരിക്കുന്നവര്‍ നടത്തുന്നത്. ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും തന്നോടൊപ്പമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കെഎല്‍സിഎ. രൂപതാ പ്രസിഡന്‍റ് ഡി.രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍, എം.എല്‍.എ. മാരായ കെ.ആന്‍സലന്‍, എം.വിന്‍സെന്‍റ്, രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.സെല്‍വരാജന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, സെക്രട്ടറി സദാനന്ദന്‍, ഉഷാകുമാരി, എം.എം. അഗസ്റ്റ്യന്‍, ടി.വിജയകുമാര്‍, ഫാ.ഡെന്നിസ്കുമാര്‍, ജോസ്ലാല്‍, ഉഷാകുമാരി , അഗസ്റ്റിന്‍ വര്‍ഗ്ഗീസ്, തോമസ് കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Related Articles »