News - 2024

മാർപാപ്പയുടെ യുഎഇ സന്ദർശനം: പ്രതീക്ഷകൾ പങ്കുവെച്ച് മോൺ. പോൾ ഹിന്റർ

സ്വന്തം ലേഖകന്‍ 09-12-2018 - Sunday

അബുദാബി: അറേബ്യൻ നാട്ടിലേക്കുള്ള മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രഖ്യാപനം വിശ്വാസികൾക്ക് സന്തോഷവും ഇസ്ളാം മതസ്ഥരുമായി സമാധാനം പങ്കുവെയ്ക്കാനൊരു അവസരവുമാണെന്ന് അറേബ്യൻ അപ്പസ്തോലിക വികാരി മോൺ. പോൾ ഹിന്റർ. മാർപാപ്പയുടെ യുഎഇ ഔദ്യോഗിക സന്ദർശനം സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാം ഭൂരിപക്ഷ രാജ്യത്തു മറ്റു മതസ്ഥരുടെ സ്വാതന്ത്ര്യത്തിന് പരിമിതികൾ നിശ്ചയിക്കപ്പെട്ട നിലയിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം വളരെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. പേപ്പൽ സന്ദർശനത്തിന്റെ വിശദാംശങ്ങളടങ്ങിയ വെബ്സൈറ്റ് വികാരിയത്ത് ഇതിനോടകം രൂപീകരിച്ചു. വിശ്വാസികൾ തുറന്ന മനസ്സോടെ മാർപാപ്പയെ സ്വാഗതം ചെയ്യണമെന്നും തങ്ങളെ സമാധാനത്തിന്റെ ഉപകരണമാക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയോടൊപ്പം പ്രാർത്ഥിക്കണമെന്നും മോൺ. ഹിന്റർ ആവശ്യപ്പെട്ടു.

മുസ്ളിം -ക്രൈസ്തവ സമൂഹങ്ങൾ തമ്മിൽ സന്ധി സംഭാഷണത്തിനും പരസ്പരധാരണ വളർത്തിയെടുക്കുന്നതിനും മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ സമാധാനം സ്ഥാപിതമാകാനും മാർപാപ്പയുടെ സന്ദർശനം വഴി ഇടയാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പേപ്പൽ സന്ദർശനത്തിന്റെ വിജയത്തിനായി ദിവ്യബലിയിൽ നിയോഗം വച്ച് പ്രാർത്ഥിക്കണമെന്നും മോൺ. ഹിന്റർ കൂട്ടിച്ചേർത്തു.

പാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ ലഘു വിവരണം ക്രിസ്തുമസിനു മുൻപ് പ്രസിദ്ധീകരിക്കും. മാർപാപ്പയുടെ സന്ദർശനത്തിന് വഴിയൊരുക്കിയ യു.എ.ഇ ഭരണകൂടത്തിന് മോൺ. ഹിന്റർ നന്ദി അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി മൂന്നു മുതൽ അഞ്ച് വരെയാണ് അബുദാബിയിൽ മാർപാപ്പയുടെ സന്ദർശനം. അറേബ്യൻ നാട്ടിലേക്കുള്ള ഒരു പാപ്പയുടെ പ്രഥമ സന്ദർശനമാണിത്.


Related Articles »