India

ആവേശമായി ലത്തീന്‍ സമുദായ സംഗമം: ആയിരങ്ങളുടെ പങ്കാളിത്തം

സ്വന്തം ലേഖകന്‍ 10-12-2018 - Monday

തിരുവനന്തപുരം: ഓഖി ദുരിതബാധിതരായ സമൂഹത്തെ സഹായിക്കുന്നതിനുള്ള തുക മറ്റു ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലായെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. 'തീരദേശ വികസനവും നവകേരള നിര്‍മ്മിതിയും' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സഭാ സമുദായദിനവും സമുദായ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും തീരദേശമേഖലയ്ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ തീരപ്രദേശത്തിനായി സമഗ്ര പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ തയാറാകണം. തീരദേശ പോലീസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. പ്രഖ്യാപിച്ചിട്ടുള്ള ഭവനനിര്‍മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക മുന്നറിയിപ്പ് സംവിധാനം അടിയന്തരമായി ആരംഭിക്കണം.

പ്രളയമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ സ്വയരക്ഷപോലും കാര്യമാക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പള്ളികളില്‍ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ സമാഹരിച്ചു നല്‍കി. എന്നാല്‍, പ്രളയക്കെടുതിയില്‍ ആയിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനങ്ങളും വരവേല്‍പ്പും നല്‍കിയതുകൊണ്ടു മാത്രം കാര്യമില്ല. സമഗ്ര പുനരധിവാസം വേണം. ഇതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രളയകാലത്ത് അവിശ്വസനീയമായ കരുത്തു കാണിച്ച് മാനവികതയുടെ അടയാളമായി തിളങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാനുള്ള അവകാശങ്ങള്‍ക്കായി പൊരുതുന്നതിനു താന്‍ ഒപ്പമുണ്ടാകുമെന്നും രമേശ് ചെന്നിത്തല ഉറപ്പു നല്‍കി.

കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് സ്വാഗതം പറഞ്ഞു. കേരളത്തിലെ തീരദേശമേഖലയിലെ ജനങ്ങള്‍ക്കായി നിയമസഭയില്‍ ശബ്ദം മുഴക്കുന്നതിന് ഭരണപ്രതിപക്ഷ കക്ഷികള്‍ തയാറാകുന്നില്ലെന്നു പരിപാടിയില്‍ അധ്യക്ഷനായിരുന്ന ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ് പറഞ്ഞു. ചടങ്ങില്‍ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്‌സിക്കുട്ടിയമ്മ, പ്രഫ. കെ.വി. തോമസ് എംപി, എം. വിന്‍സന്റ് എംഎല്‍എ, കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി, കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് സംഗമത്തില്‍ പങ്കെടുത്തത്.


Related Articles »