News - 2024

അറേബ്യന്‍ മണ്ണിലെ പാപ്പയുടെ ചരിത്രപരമായ ബലിയര്‍പ്പണം ഫെബ്രുവരി അഞ്ചിന്

സ്വന്തം ലേഖകന്‍ 10-12-2018 - Monday

അബുദാബി: മൂന്നുദിവസം നീണ്ടുനിൽക്കുന്ന യു.എ.ഇ സന്ദർശനത്തിനായി എത്തുന്ന കത്തോലിക്കാ സഭയുടെ തലവനെ വരവേൽക്കാനായി ഗൾഫിലെ വിശ്വാസിസമൂഹം ഒരുക്കങ്ങൾ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനോട് അനുബന്ധിച്ചുള്ള ചരിത്രപരമായ പരസ്യ വിശുദ്ധ കുർബാന അർപ്പണം ഫെബ്രുവരി അഞ്ചാം തീയതി രാവിലെയാണ് നടക്കുക. ബലിയർപ്പണ വേദിയെ സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും വിശുദ്ധ കുർബാന ഫെബ്രുവരി അഞ്ചാം തീയതി രാവിലെ നടക്കുമെന്നാണ് അറേബ്യൻ അപ്പസ്തോലിക വികാരി മോൺ. പോൾ ഹിന്റർ നല്‍കിയ പ്രസ്താവന.

പ്രവാസി സമൂഹത്തിലെ പരമാവധി ആളുകൾക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങൾ നടത്തുമെന്നും ബിഷപ്പ് പോൾ ഹിന്റർ കൂട്ടിച്ചേർത്തു. പാപ്പയുടെ സന്ദർശനത്തെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ക്രിസ്തുമസിന് മുമ്പ് പരസ്യപ്പെടുത്തും. മാർപാപ്പയുടെ സന്ദർശനത്തിനെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗൾഫിലെ വിശ്വാസിസമൂഹം. ഏകദേശം പത്തു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളാണ് ഗൾഫിൽ ഉള്ളത്. ജനുവരിയിലെ പനാമ സന്ദർശനത്തിനുശേഷം ആയിരിക്കും പാപ്പ അറബ് മണ്ണില്‍ എത്തിച്ചേരുക. 2007 മുതല്‍ വത്തിക്കാനും യു‌എ‌ഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്.


Related Articles »