Events

രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പുതിയൊരു അമലോത്ഭവം, സെഹിയോനിൽ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി

ബാബു ജോസഫ് 10-12-2018 - Monday

ബർമിങ്ഹാം: നവസുവിശേഷവത്ക്കരണപാതയിൽ പുതിയ അമലോത്ഭവം സമ്മാനിച്ചുകൊണ്ട് റവ.ഫാ.സോജി ഓലിക്കൽ നയിച്ച രണ്ടാം ശനിയാഴ്ച കൺവെൻഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്താൽ അവിസ്മരണീയമായി. വർഷങ്ങളായി ദൈവമഹത്വം പ്രഘോഷിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലൂടെ ലഭിക്കുന്ന ചൈതന്യം സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കാൻ ഇടയാകട്ടെയെന്നും ഇവിടെ നടക്കുന്ന ആത്‌മാവിന്റെ പ്രവർത്തനം തുടരട്ടെയെന്നും, ഈ കൺവെൻഷൻ വളർന്ന് ഏറ്റവും വലുതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സെഹിയോൻ യുകെ യെയും അതിന് നേതൃത്വം നൽകുന്ന സോജിയച്ചനെയും അദ്ദേഹം തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനേയും സംബന്ധിച്ച് 8ന് മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനം നടന്ന നൂറ്റിരണ്ടാമത് കൺവെൻഷനിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സാന്നിധ്യം സഭ ഏറ്റുവാങ്ങിയ നേർ സാക്ഷ്യമായി മാറി. മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, ഫാ.സോജി ഓലിക്കൽ, മാഞ്ചസ്റ്റർ മിഷൻ ചാപ്ലയിൻ ഫാ.ജോസ് അഞ്ചാനിക്കൽ, ഫാ.ജോർജ് ചേലക്കൽ, ഫാ.എബ്രഹാം കണ്ടത്തിൻകര, ഫാ.ഷൈജു നടുവത്താനിയിൽ, ഫാ.നോബിൾ തോട്ടത്തിൽ, ഫാ.ബെന്നി വലിയവീട്ടിൽ, ഫാ.ജോർജ് എട്ടുപറയിൽ, ഫാ.വിൽസൺ കൊറ്റം, ഫാ. ഫാൻസുവ പത്തിൽ, ഡീക്കൻ ബേബിച്ചൻ ബ്രിസ്റ്റോൾ എന്നിവരും സഹകാർമ്മികരായി.

തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കൽ ‌ കത്തോലിക്കാ സഭ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് വി.പോൾ ആറാമൻ മാർപ്പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞു. ഫാ.ഷൈജു നടുവത്താനി ,ഫാ.ജോസ് അഞ്ചാനിക്കൽ ,ബ്രദർ ജോമോൻ ജോസഫ് എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുപ്പിറവിയ്ക്കൊരുക്കമായി പ്രത്യേക മരിയൻ റാലിയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.

അനേകരെ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്‌ഷ്യം മുൻനിർത്തി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ശക്തമായ ദൈവിക ഇടപെടലിലൂടെ നടന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ഉൾപ്പെടുത്തിയുള്ള അനുഭവസാക്ഷ്യങ്ങൾ "മെസെഞ്ചർ " എന്ന പേരിൽ പ്രത്യേക പതിപ്പ് ഇത്തവണ പുറത്തിറക്കി. കുട്ടികൾക്കായി വിവിധ ശുശ്രൂഷകൾ നടന്നു. ജനുവരി 12 ന് നടക്കുന്ന 2019 ലെ ആദ്യ കൺവെൻഷനിൽ സീറോ മലങ്കര സഭ യുകെ കോ ഓർഡിനേറ്റർ ഫാ.തോമസ് മടുക്കുംമൂട്ടിൽ മുഖ്യ കാർമ്മികനായിരിക്കും. ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും.


Related Articles »