News - 2024

തിരുപ്പിറവി ദൃശ്യങ്ങള്‍ നിരോധിക്കുവാനുള്ള നീക്കത്തിന് തടയിട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 10-12-2018 - Monday

റോം: മതനിരപേക്ഷതയുടേയും, സാംസ്കാരിക സമത്വത്തിന്റേയും പേരില്‍ ഇറ്റലിയിലെ സ്കൂളുകളില്‍ നിന്നും തിരുപ്പിറവി ദൃശ്യങ്ങളും കുരിശുരൂപങ്ങളും നിരോധിക്കുവാനുള്ള സ്കൂള്‍ അധികൃതരുടെ നീക്കങ്ങള്‍ക്ക്‌ തടയിട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍. ക്രിസ്തുമസ് പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാനുള്ള നീക്കത്തെ ബുദ്ധിശൂന്യതയെന്നാണ് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ മാറ്റിയോ സാല്‍വീനി വിശേഷിപ്പിച്ചത്.

കുരിശുരൂപങ്ങളും, തിരുപ്പിറവി ദൃശ്യങ്ങളും വിശ്വാസത്തെ സംബന്ധിക്കുന്നത് മാത്രമല്ല. നമ്മുടെ ചരിത്രം, സംസ്കാരം, വേരുകള്‍ എന്നിവയെക്കൂടി സൂചിപ്പിക്കുന്നതാണ്. "നമ്മുടെ പാരമ്പര്യം നീണാള്‍ വാഴുകയും, പ്രചരിക്കുകയും ചെയ്യട്ടെ! ഞാനൊരിക്കലും നമ്മുടെ പാരമ്പര്യത്തെ ഉപേക്ഷിക്കുകയില്ല”. സാല്‍വീനി കൂട്ടിച്ചേര്‍ത്തു. ക്ലാസ്സ് മുറികളില്‍ നിന്നും ക്രൈസ്തവ പ്രതീകങ്ങള്‍ നിരോധിക്കുവാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമത്തെ 'പുല്‍ക്കൂടിനെതിരെയുള്ള തുറന്ന യുദ്ധം' എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കുരിശുരൂപത്തിന് സമാനമായി തിരുപ്പിറവി ദൃശ്യങ്ങളും ക്രിസ്തുമസ് ട്രീയും ചരിത്രത്തിന്റേയും, സംസ്കാരത്തിന്റേയും, പാരമ്പര്യത്തിന്റേയും പ്രതീകമാണെന്നു സ്കൂള്‍ അധ്യാപകരും, നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ വിദ്യാഭ്യാസ മന്ത്രി മാര്‍ക്കോ ബുസെറ്റിയും പറഞ്ഞിരിന്നു. തിരുപിറവി ദൃശ്യം നിരോധിക്കാനുള്ള നിരീശ്വരവാദികളുടെ നേതൃത്വത്തിലുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വെനീസിലെ രക്ഷകര്‍ത്താക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.


Related Articles »