News - 2024

കത്തോലിക്കര്‍ക്കെതിരായ വിവേചനത്തെ രാഷ്ട്രങ്ങള്‍ അവഗണിക്കുന്നു: ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍

സ്വന്തം ലേഖകന്‍ 11-12-2018 - Tuesday

റോം: കത്തോലിക്കര്‍ക്കെതിരായ വിവേചനത്തെ രാഷ്ട്രങ്ങള്‍ അവഗണിക്കുന്നതിനെതിരെ വത്തിക്കാന്‍ വിദേശകാര്യ മന്ത്രിയും ആര്‍ച്ച് ബിഷപ്പുമായ പോള്‍ ഗല്ലാഘര്‍. ഡിസംബര്‍ 6-7 തീയതികളിലായി ഇറ്റലിയിലെ മിലാനില്‍ വെച്ച് നടന്ന ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ (OSCE)-ന്റെ 25-മത് വാര്‍ഷിക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിവേചനം, വിഭാഗീയത തുടങ്ങിയവക്കും നമ്മള്‍ ചെവികൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ മതത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു പ്രവണത നിലനില്‍ക്കുന്നുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

വ്യക്തികളുടെ ഉത്തമ ബോധ്യങ്ങളെ നശിപ്പിക്കുന്നതിനോ, ദേവാലയങ്ങളുടേയോ, സിനഗോഗുകളുടേയോ, അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് അവയെ തിരിച്ചുവിടുന്നതിനോ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കുന്നതിലോ, മതത്തിന്റെ പ്രസക്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിലോ സംഭവിച്ച പരാജയമാണ് ഇതിന്റെ കാരണം. ഈ പരാജയം തന്നെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിഭാഗീയതയും, അസഹിഷ്ണുതയും വളരുവാന്‍ കാരണമായതും. അസഹിഷ്ണുതയേയും, വിവേചനത്തേയും ചെറുക്കുവാന്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച രീതിയിലുള്ള സമീപനങ്ങള്‍ ഒഴിവാക്കണമെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.

‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ രാജ്യങ്ങളുടെ കീഴില്‍ കഴിഞ്ഞ 46 വര്‍ഷമായി സമാധാനം, സുരക്ഷ, നീതി തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി നടന്നു വരുന്ന ശ്രമങ്ങളില്‍ കത്തോലിക്ക സഭയും പങ്കാളിയാണ്. ഹെല്‍സിങ്കി പ്രഖ്യാപന പ്രകാരം അംഗരാജ്യങ്ങള്‍ക്കിടയിലെ സൗഹൃദവും, സഹകരണവും വളര്‍ത്തുന്നതിനായി കത്തോലിക്ക സഭ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തെ താങ്ങുവാന്‍ യൂറോപ്പിന് കഴിയാത്തതിനാല്‍ അയല്‍ രാജ്യങ്ങളുമായി സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുവാനുമാണ് കത്തോലിക്ക സഭക്ക് അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിക്കുവാനുള്ളതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

1975-ല്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സിനെ തുടര്‍ന്നാണ്‌ ലോകത്തെ ഏറ്റവും വലിയ സുരക്ഷാ സംബന്ധിത സംഘടനയായ OSCE നിലവില്‍ വന്നത്. ആയുധ നിരോധനം, മനുഷ്യാവകാശം, സ്വാതന്ത്ര്യം എന്നിവയാണ് സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍.


Related Articles »