News - 2024

‘ഹോളി ഫയര്‍’: പരിശുദ്ധാത്മാവില്‍ നവജീവന്‍ പ്രാപിച്ച് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ 12-12-2018 - Wednesday

നാഷ്‌വില്ലേ, ടെന്നസ്സി: പരിശുദ്ധാത്മാവില്‍ പുതുജീവന്‍ പ്രാപിച്ച് അമേരിക്കയിലെ ടെന്നസ്സി തലസ്ഥാനമായ നാഷ്‌വില്ലേയിലെ വിദ്യാര്‍ത്ഥികള്‍. നാഷ്‌വില്ലേ രൂപതയുടേയും, നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ കാത്തലിക് യൂത്ത് മിനിസ്ട്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ന് ആറ് മുതല്‍ എട്ടാം ക്ലാസ് വരെ ഗ്രേഡുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘ഹോളി ഫയര്‍’ ധ്യാനത്തില്‍ ആയിരത്തിഎണ്ണൂറിലധികം പേരാണ് പങ്കെടുത്തത്. രൂപതയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം സ്കൂള്‍ വിദ്യാര്‍ത്ഥികളും, യുവതീ-യുവാക്കളും ഒരുമിച്ച് ഒരു ധ്യാനത്തില്‍ പങ്കുചേരുന്നത്.

മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്ഥിരീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന അവസരത്തില്‍ ‘ഹോളി ഫയര്‍’ രൂപതയുടെ വിപ്ലവകരമായ ഒരു പരിപാടിയായി മാറി. യേശുവിലുള്ള വിദ്യാര്‍ത്ഥികളുടെ വിശ്വാസത്തെ ആളിക്കത്തിക്കുക, മാമ്മോദീസ സ്വീകരിക്കുവാനും യേശുവിന്റെ യഥാര്‍ത്ഥ അനുയായികളായി ജീവിക്കുവാനും അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയായിരുന്നു 10 രൂപതകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ധ്യാനത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങള്‍.

യേശുവിനെ മാതൃകയാക്കുവാനും, സ്വന്തം ഭവനങ്ങളിലും, സമൂഹത്തിലും യേശുവിന്റെ സ്നേഹവും കൊണ്ടുവരുവാന്‍ നാഷ്‌വില്ലേ രൂപതാ മെത്രാന്‍ ജെ. മാര്‍ക്ക് സ്പാള്‍ഡിംഗ് ധ്യാനത്തില്‍ പങ്കെടുത്തവരോട് ആഹ്വാനം ചെയ്തു. ഹൃദ്യമായ സംഗീതവും, പ്രചോദനാത്മകമായ പ്രഭാഷണങ്ങളും, പ്രാര്‍ത്ഥനകളും ഭക്തി സാന്ദ്രമായ വിശുദ്ധ കുര്‍ബാനയും ധ്യാനത്തില്‍ പങ്കെടുത്ത യുവതീ-യുവാക്കള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. ഗാന ശുശ്രൂഷകള്‍ക്കും പുറമേ, വിദ്യാര്‍ത്ഥികളുടെ സാക്ഷ്യങ്ങളും, വീഡിയോ ശകലങ്ങളും ധ്യാനത്തില്‍ ഉള്‍കൊള്ളിച്ചിരിന്നു.


Related Articles »