News - 2024

കെനിയയിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ 12-12-2018 - Wednesday

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ഫാ.ജോൺ നജോറോഗെ മുഹിയ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിൽ വൈദികൻ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കിനൂ ഇടവക വികാരിയായ അദ്ദേഹം, ഡിസംബർ പത്തിന് വിശ്വാസികൾ സ്തോത്ര കാഴ്ചയർപ്പിച്ച പണം ബാങ്കിൽ നിക്ഷേപിക്കാൻ പോകും വഴിയാണ് മോഷ്ടാക്കളുടെ ആക്രമണം. ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ കികുയ നഗരത്തിലെ വിജനമായ റോഡിലാണ് സംഭവം അരങ്ങേറിയത്.

ബൈക്കിലെത്തിയ മോഷ്ടാക്കൾ കാറിൽ സഞ്ചരിക്കുകയായിരുന്ന വൈദികനിൽ നിന്നും പണമടങ്ങിയ ബാഗ് ആവശ്യപ്പെടുകയായിരുന്നു. ബാഗ് നല്കാൻ വിസമ്മതിച്ച വൈദികനു നേരെ നിറയൊഴിക്കുകയും അദ്ദേഹത്തിന്റെ പണവും മൊബൈൽ ഫോണും എടുത്ത് അക്രമികൾ കടന്നു കളയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നെഞ്ചിൽ ഗുരുതരമായ വെടിയേറ്റ ഫാ. നജോറോഗെയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ മരണത്തിൽ അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഫ്രാൻസിസ് കിയാരി അതീവ ദു:ഖം രേഖപ്പെടുത്തി. അമ്പത്തിയാറുകാരനായ ഫാ.ജോൺ നജോറോഗെ മുഹിയ 1994 ലാണ് വൈദികനായി അഭിഷിക്തനായത്.


Related Articles »