India - 2024

'അന്നാ പെസഹായുടെ' ശില്‍പ്പി ഫാ. ജി.ടി. ഊന്നുകല്ലില്‍ വിടവാങ്ങി

സ്വന്തം ലേഖകന്‍ 13-12-2018 - Thursday

ചങ്ങനാശേരി: സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ 'അന്നാ പെസഹാ തിരുനാളില്‍...' അടക്കമുള്ള അനേകം ഗാനങ്ങളുടെ രചയിതാവായ ഫാ. ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു. ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഈ വൈദികന്‍ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നത്. നിന്റെ നാമ കീര്‍ത്തനം..., എന്‍ ഹൃദയ സ്പന്ദനം..., എന്‍ മനസില്‍ പൂവനം.., നാഥ നിന്റേതാകണം..., ഒരു നെയ്ത്തിരിയായ് എരിയും ഞാന്‍..., അള്‍ത്താരയില്‍ നാഥാ ... തുടങ്ങി ഫാ. ഊന്നുകല്ലിലിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്.

കാല്‍നൂറ്റാണ്ടോളം ആകാശവാണിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ചങ്ങനാശേരി മാര്‍ത്തോമ്മ വിദ്യാനികേതന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് തടിയൂര്‍ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാരം.


Related Articles »