News - 2024

ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി പാക്ക് മന്ത്രി

സ്വന്തം ലേഖകന്‍ 17-12-2018 - Monday

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി പഞ്ചാബ് പ്രവിശ്യയിലെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ്‌ മൈനോറിറ്റി അഫയേഴ്സ് വകുപ്പ് മന്ത്രിയായ ഇജാസ് ആഗസ്റ്റിന്‍ രംഗത്ത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ദൗത്യസേനയെ നിയോഗിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമ നിര്‍മ്മാണവും, നിലവിലുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തലും ഈ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞതായി പാക്കിസ്ഥാനി ദിനപത്രമായ ‘ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10-ന് അല്‍ഹമാര ആര്‍ട്സ് കൗണ്‍സിലില്‍ വെച്ച് ക്രിസ്ത്യന്‍ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, ഹ്യുമന്‍ റൈറ്റ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്യുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ വെച്ചാണ് ഇജാസ് ആഗസ്റ്റിന്‍ ഈ പ്രഖ്യാപനം നടത്തിയത്. മത ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ മേഖലയിലും, ഭവന നിര്‍മ്മാണ പദ്ധതികളിലും പ്രത്യേക സംവരണവും, കടാശ്വാസവും, വിവിധ തൊഴില്‍ മേഖലകളിലേക്കുള്ള പ്രത്യേക പരിശീലനവും മതന്യൂനപക്ഷ ശാക്തീകരണ പദ്ധതിയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി 30 ലക്ഷം ഡോളറോളം മൈനോരിറ്റി ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും ചിലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പരിഹാരത്തിനുമായി പഞ്ചാബ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിന്റെ സഹായത്തോടെ വെബ് അധിഷ്ടിതമായ ഒരു കംപ്ലയിന്റ് മാനേജ്മെന്റ് പദ്ധതിയും നിലവില്‍ വരുത്തിയിട്ടുണ്ടെന്നും ഇജാസ് ആഗസ്റ്റിന്‍ പറഞ്ഞു. തൊഴില്‍ പരിശീലനങ്ങള്‍ക്കും, സ്കോളര്‍ഷിപ്പുകള്‍ക്കുമായി 1,80,000 ഡോളർ നീക്കിവെച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും, ഭവനനിര്‍മ്മാണത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞതായി ഡോണിന്റെ റിപ്പോര്‍ട്ടിലുണ്ട്.

പഞ്ചാബ് ഹ്യൂമന്‍ റൈറ്റ്സ് പോളിസി 2018 ന്റെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് മനുഷ്യാവകാശ ദൗത്യ സേനയുടെ ചുമതലയെന്ന്‍ മന്ത്രി വ്യക്തമാക്കി. കടുത്ത വിവേചനവും അക്രമവും നേരിടുന്ന ക്രൈസ്തവർ ഉള്‍പ്പെടുന്ന പാക്കിസ്ഥാനി മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്. അതേസമയം ഇത് വെറും പ്രഖ്യാപനമായി ചുരുങ്ങുമോ എന്ന ആശങ്കയിൽ കഴിയുന്നവരും രാജ്യത്തുണ്ട്.


Related Articles »