News - 2024

ചൈനീസ് ഭൂഗര്‍ഭ സഭയിലെ രണ്ടു ബിഷപ്പുമാര്‍ സ്ഥാനം ഒഴിഞ്ഞു

സ്വന്തം ലേഖകന്‍ 17-12-2018 - Monday

ബെയ്ജിംഗ്: ചൈന- വത്തിക്കാന്‍ ഉടമ്പടിക്കു പിന്നാലെ മെത്രാന്‍ നിയമനത്തില്‍ വഴിത്തിരിവ്. വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ കത്തോലിക്ക സഭയിലെ രണ്ടു ബിഷപ്പുമാര്‍ കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞു. ചൈനീസ് പാട്രിയോട്ടിക് അസോസിയേഷനു കീഴിലുള്ള ബിഷപ്പുമാരെ അനുകൂലിച്ചു കൊണ്ടാണ് ഭൂഗര്‍ഭ സഭയിലെ ബിഷപ്പുമാര്‍ വത്തിക്കാന്‍ അഭ്യര്‍ത്ഥനയില്‍ സ്ഥാനത്യാഗം ചെയ്തിരിക്കുന്നത്. ബിഷപ്പ് സാൻ, ബിഷപ്പ് ഹുവാംഗ് എന്നിവരാണ് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. ഇവര്‍ക്ക് പകരമായി മിൻഡോംഗിന്റെ ബിഷപ്പ് വിൻസന്റ് ഗുവോ സിജിൻ സഹായ മെത്രാനായും ബിഷപ്പ് വിൻസന്റ് സാൻ സിലു മെത്രാനായും ഉടന്‍ സ്ഥാനം ഏറ്റെടുക്കും.

ഇതു സംബന്ധിച്ച വത്തിക്കാന്റെ അനുമതി പത്രം കൈമാറിയതായാണ് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയും രാജ്യത്തുണ്ട്. വത്തിക്കാന്‍ - ചൈന ഉടമ്പടി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തിലാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ ഉടമ്പടിയോടെയാണ് വത്തിക്കാന്‍, ചൈനീസ് ഭരണകൂടത്തിന്റെ പാട്രിയോട്ടിക് അസോസിയേഷനിലെ മെത്രാന്മാര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.


Related Articles »