News - 2024

ഇസ്ലാമില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പ്രവാഹം: ഇറാനില്‍ പീഡനം തുടര്‍ക്കഥ

സ്വന്തം ലേഖകന്‍ 17-12-2018 - Monday

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. ക്രൈസ്തവ വിശ്വാസത്തെപ്രതി ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ സഹോദരിമാര്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായെന്ന റിപ്പോര്‍ട്ടുമായി ഇറാനിയന്‍ ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ മുഹബത്ത് ന്യൂസാണ് ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സഹോദരിമാരായ ഷിമായേയും ഷോക്കൗഫെ സനഗാനേയും ഇറാനിയന്‍ പോലീസ് അറസ്റ്റ് ചെയ്തു അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചത്‌. ഇവരുടെ വീട്ടില്‍ പരിശോധന നടത്തി ബൈബിളും, വിശ്വാസപരമായ മറ്റ് പുസ്തകങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഷിമാ തന്റെ വീട്ടിലേക്ക് വിളിക്കുകയും താനും സഹോദരിയും കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലാണെന്ന കാര്യം വീട്ടുകാരെ അറിയിക്കുകയുമായിരിന്നു. ഷിമാ, ഷോക്കൗഫെ സഹോദരിമാരുടെ കേസ് അഹവാസ് റെവല്യൂഷണറി കോടതിയുടെ പരിഗണനയിലെത്തിയതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 12-ന് ഇവരെ സെപിഡാര്‍ ജയിലിലേക്ക് മാറ്റി. കോടതി ജാമ്യം അനുവദിച്ചെങ്കിലും, സര്‍ക്കാര്‍ അധികാരികള്‍ ഇവരെ ജാമ്യത്തില്‍ വിടുവാന്‍ തയ്യാറായിട്ടില്ല.

ഇറാനില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ സമീപ കാലങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാംഷിഡ് ദേരാഖ്ഷാന്‍ എന്ന വിശ്വാസി ഇപ്പോള്‍ ‘രാജാ ഇ ഷാര്‍’ ജയിലില്‍ തടവിലാണെന്ന് മുഹബത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 30-നാണ് അദ്ദേഹം അറസ്റ്റിലായത്. ഇതിനു പുറമേ, ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നൂറിലധികം ക്രൈസ്തവര്‍ വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായതും ഈ അടുത്ത കാലത്താണ്.

സുവിശേഷം പങ്കുവെക്കുന്നതും ഫാഴ്സി ഭാഷയിലുള്ള ബൈബിള്‍ കൈവശം വെക്കുന്നതും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതും ഇറാനില്‍ കുറ്റകരമാണ്. ഇസ്ലാമില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ് ഇറാനി ക്രൈസ്തവരിലെ ഭൂരിപക്ഷവും. എങ്കിലും ഇവര്‍ക്ക് തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കേണ്ട സ്ഥിതിയാണുള്ളത്. ഇറാന്റെ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം വരുന്ന ക്രൈസ്തവ സമൂഹത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം വര്‍ദ്ധിച്ചു വരുന്നത് രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.


Related Articles »