News - 2024

വധശിക്ഷ അരുത്, ദൈവം നല്‍കിയ ജീവന്‍ പരിരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-12-2018 - Tuesday

വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിര്‍ത്തലാക്കണമെന്നു ആവര്‍ത്തിച്ചും ദൈവം നല്കിയ ജീവന്‍ പരിരക്ഷിക്കപ്പെടണമെന്നു ഓര്‍മ്മിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. വധശിക്ഷ നടപടിക്രമത്തിന് എതിരായ രാജ്യാന്തര കമ്മിഷനിലെ ഒന്‍പത് രാഷ്ട്ര പ്രതിനിധികളുമായി വത്തിക്കാനില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരിന്നു പാപ്പ. ജീവന്‍ ഏത് അവസ്ഥയിലും മാനിക്കപ്പെടേണ്ടതാണെന്നും വധശിക്ഷയ്ക്ക് എതിരായ നിലപാട് തന്‍റെ ശുശ്രൂഷയുടെ ആരംഭകാലം മുതല്‍ എടുത്തിട്ടുള്ളതാണെന്നും പാപ്പ തന്റെ പ്രഭാഷണത്തില്‍ സ്മരിച്ചു.

ജയില്‍, കുറ്റവാളികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചും, കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവരെയും കുറിച്ചും പഠിക്കുന്ന 5 രാജ്യാന്തര സംഘടനകള്‍ക്ക് പലപ്പോഴായി എഴുതിയ കത്തുകളിലും വധശിക്ഷ നിരോധിക്കുന്നതു സംബന്ധിച്ചുള്ള സഭയുടെ നിലപാടും കാഴ്ചപ്പാടും വ്യക്തമാക്കിയിട്ടുള്ളത്. സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ സഭ ഇന്നു പഠിപ്പിക്കുന്നത് വധശിക്ഷ അനുവദനീയമല്ലാത്തതും, മനുഷ്യാന്തസ്സിന് ഇണങ്ങാത്തതും, ആഗോളവ്യാപകമായി അത് ഇല്ലായ്മചെയ്യാന്‍ പരിശ്രമിക്കേണ്ടതും ആണെന്നുമാണ്. തന്‍റെ ദൃഷ്ടിയിലും സൃഷ്ടികളിലും സമുന്നതവും ശ്രേഷ്ഠവുമായ മനുഷ്യ ജീവന്‍റെ യഥാര്‍ത്ഥമായ വിധിയാളനും, അതിന് ഉറപ്പുനല്കുന്നവനും ദൈവം തന്നെയാണ്.

കുറ്റകൃത്യങ്ങള്‍ എത്ര കഠോരമായിരുന്നാലും ഇന്ന് വധശിക്ഷ അസ്വീകാര്യമാണ്. അതുപോലെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ദൈവം നല്കുന്ന അവിടുത്തെ കരുണാര്‍ദ്രമായ നീതിയുടെ നിഷേധവുമാണ് വധശിക്ഷ. മാത്രമല്ല, വ്യക്തിയെ നന്നാക്കിയെടുക്കുക എന്ന ശിക്ഷയുടെ ന്യായമായ ലക്ഷ്യത്തോട് യോജിപ്പില്ലാത്ത ശിക്ഷാക്രമമാണിത്. കുറ്റവാളികള്‍ക്ക് നീതി നടപ്പാക്കി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അത് അവരില്‍ പ്രതിഷേധവും വൈരാഗ്യവും വളര്‍ത്തുന്നു. ‘കൊല്ലരുത്,’ എന്ന ദൈവകല്പനയ്ക്ക് പരമമായ മൂല്യമാണുള്ളത്. അത് നിര്‍ദ്ദോഷികള്‍ക്കും കുറ്റവാളികള്‍ക്കും ഒരുപോലെ ബാധകമാണ്.

വ്യക്തികളുടെ ജീവനോടും അവരുടെ മനുഷ്യാന്തസ്സിനോടും പൂര്‍വ്വോപരി ആദരവു പുലര്‍ത്തുവാനും, ഇനിയും ലോകത്ത് അത് വളര്‍ത്തുവാനുമുള്ള ഏറെ ശ്രേഷ്ഠമായ കാഴ്ചപ്പാടാണ് സുവിശേഷ കാരുണ്യം. നീതി നടപ്പാക്കുക എന്നാല്‍ ശിക്ഷിക്കപ്പെടുക എന്നര്‍ത്ഥമില്ല. കുറ്റവാളിയെ തിരുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക - എന്നാണ് ശിക്ഷകൊണ്ട് ലക്ഷ്യംവയ്ക്കേണ്ടത്. വധശിക്ഷയ്ക്ക് എതിരായ കൂട്ടായപരിശ്രമം ഒരുമിച്ച് തുടരാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »