News - 2024

കാരുണ്യം എന്താണെന്ന് ക്രൈസ്തവരെ നോക്കി പഠിക്കണം: ഇസ്ലാം മതസ്ഥനായ ലണ്ടൻ മേയർ

സ്വന്തം ലേഖകന്‍ 18-12-2018 - Tuesday

ലണ്ടന്‍: രാഷ്ട്രീയക്കാര്‍ കാരുണ്യം എന്താണെന്ന് ക്രൈസ്തവ സമൂഹത്തെ നോക്കി പഠിക്കണമെന്ന്‍ ലണ്ടൻ മേയറും ഇസ്ലാം മത വിശ്വാസിയുമായ സാദിഖ് ഖാൻ. പ്രീമിയർ എന്ന അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ സഭ വളരെയധികം ആദരവോടും ബഹുമാനത്തോടും കൂടിയാണ് മറ്റു മനുഷ്യരെ നോക്കി കാണുന്നതെന്നും രാഷ്ട്രീയക്കാർ സഭയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ലണ്ടൻ മേയർ പറഞ്ഞു. ക്രൈസ്തവ സമൂഹം ലണ്ടന് നൽകുന്ന സംഭാവനയ്ക്കും സാദിഖ് ഖാൻ നന്ദി രേഖപ്പെടുത്തി.

തെരുവിൽ കഴിയുന്നവരായാലും ക്രൂരമായ കുറ്റകൃത്യം ചെയ്തവരായാലും അവരെ സഹായിക്കുമ്പോൾ അവരോട് മതമോ അവരുടെ ചിന്താഗതിയോ ചോദിക്കുകയില്ല എന്നുള്ളതാണ് ക്രൈസ്തവ സഭയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കാര്യമെന്നു സാദിഖ് ഖാൻ കൂട്ടിച്ചേർത്തു. അത് വളരെയധികം പ്രചോദനകരമാണെന്നും തന്റെ തന്നെ ജീവിതത്തിൽ താൻ അത് നടപ്പിലാക്കാൻ ശ്രമിക്കാറുണ്ടെന്നും സാദിഖ് ഖാൻ പറഞ്ഞു.

ഹിൽ സോങ് ചർച്ച് എന്ന ക്രിസ്തീയ വിഭാഗം ലണ്ടനിലെ വിംബ്ളി അരീനയിൽ സംഘടിപ്പിച്ച കരോൾ ഗാന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ലണ്ടൻ മേയർ പ്രീമിയർ മാധ്യമത്തിന് അഭിമുഖം നൽകിയത്. ലണ്ടൻ നഗരത്തിലെ അരങ്ങേറുന്ന കരോൾ ഗാന മത്സരം ക്രൈസ്തവസഭ ബ്രിട്ടനിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്രിസ്മസ് ആഘോഷ പരിപാടിയാണ്. മുപ്പതിനായിരത്തോളം ആളുകളാണ് വർഷംതോറും പരിപാടിയിൽ സംബന്ധിക്കാൻ എത്തുന്നത്.


Related Articles »