India - 2024

കേരള നവോത്ഥാനത്തിന് ക്രൈസ്തവ സംഭാവന അവഗണിക്കുന്നത് അപലപനീയം: ചങ്ങനാശേരി അതിരൂപത

സ്വന്തം ലേഖകന്‍ 19-12-2018 - Wednesday

ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിന് ക്രൈസ്തവ സഭ നല്‍കിയ സംഭാവനകളെയും നേതൃത്വത്തെയും അവഗണിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കേരള നിര്‍മിതിക്ക് ക്രൈസ്തവ സഭകള്‍ നല്‍കിയ ഈടുറ്റ സംഭാവനകള്‍ ബോധപൂര്‍വം തമസ്‌കരിച്ച് താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി അവയെ തള്ളിപ്പറഞ്ഞ് നാട്ടില്‍ വിഭാഗീയതയും വര്‍ഗീയതയും സ്യഷ്ടിക്കുന്ന പ്രവണതകള്‍ അഭിലഷണീയമല്ലായെന്ന് സമിതി വ്യക്തമാക്കി.

ജാതീയതയും അസമത്വവും നിലനിന്നിരുന്ന ഈ നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ബൈബിള്‍ കാഴ്ചപ്പാടുകളും, സഭയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഏറെ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ പേരുപറഞ്ഞും, നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും വര്‍ഗീയ ധ്രൂവീകരണം നടത്തുന്നതിനും അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സമിതി നിരീക്ഷിച്ചു.

പ്രളയകാലത്ത് ഒന്നിച്ചുനിന്ന മനസുകളില്‍ വര്‍ഗീയ വിഷം കുത്തിവച്ച് കേരളസമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കരുതെന്നും അതിരൂപതാ പി ആര്‍ഒ അഡ്വ. ജോജി ചിറയിലും ജാഗ്രതാ സമിതി കോഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂരൂം മുന്നറിയിപ്പു നല്‍കി.


Related Articles »