News - 2024

വത്തിക്കാനില്‍ ബോംബാക്രമണത്തിന് പദ്ധതി: അഭയാർത്ഥിക്കു വിലങ്ങിട്ട് ഇറ്റാലിയൻ പോലീസ്

സ്വന്തം ലേഖകന്‍ 19-12-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് നാളിൽ വത്തിക്കാനിലും ഇറ്റാലിയൻ ദേവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മെഹ്സിൻ ഇബ്രാഹിം ഉമർ എന്ന ഇരുപതു വയസ്സുകാരനാണ് ദക്ഷിണ ഇറ്റാലിയൻ നഗരമായ ബാരിയിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ച പോലീസ് പിടിയിലായത്. വത്തിക്കാന്റെ ഹൃദയമെന്നു വിശേഷണം നല്‍കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്ക മെഹ്സിൻ ഇബ്രാഹിം ഉമർ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പിടിയിലായ തീവ്രവാദി, ഇസ്ളാമിക ബന്ധങ്ങള്‍ ഉള്ളവരുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുടങ്ങി ക്രിസ്തുമസ് നാളുകളിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതി തയാറാക്കിയിരുന്നു. ഇതിനിടെ മാർപാപ്പയും വിശ്വാസികളും സെന്റ് പീറ്റേഴ്സ് ബസിലിക്ക ഒരുമിച്ചുകൂടുന്ന സമയത്ത് ആക്രമണം നടത്തുന്നതിനെപ്പറ്റി മെഹ്സിൻ ഇബ്രാഹിം ഉമർ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. ഇബ്രാഹിം ഉമർ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വത്തിക്കാന്റെ ചിത്രങ്ങളും പോലീസ് ഫോണിൽ നിന്നും കണ്ടെടുത്തു.

ഡിസംബർ പതിനൊന്നാം തീയതി ഫ്രാൻസിൽ നടന്ന തീവ്രവാദി ആക്രമണത്തിനെയും മെഹ്സിൻ തന്റെ ഫോൺ സംഭാഷണത്തിൽ അഭിനന്ദിക്കുന്നുണ്ട്. ഏതാനും നാളായി ഉമർ ഇറ്റാലിയൻ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇറ്റാലിയൻ പോലീസിന്റെ നിഗമന പ്രകാരം മെഹ്സിൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൊമാലി- കെനിയൻ വിഭാഗത്തിലെ അംഗമായിരുന്നു. കെനിയയിലെ മതപാഠശാലയിൽ നിന്നാണ് ഇസ്ളാമിക തീവ്രവാദ ചിന്താഗതികൾ മെഹ്സിൻ പഠിച്ചത്. അതേസമയം ക്രിസ്തുമസിനോടനുബന്ധിച്ച് വലിയ തോതിലുള്ള സുരക്ഷയാണ് ഇറ്റാലിയൻ സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.


Related Articles »