Arts - 2024

തീർത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമായി തുർക്കിയിലെ പുരാതന ദേവാലയം

സ്വന്തം ലേഖകന്‍ 19-12-2018 - Wednesday

ഇസ്പാര്‍ട്ട, തുര്‍ക്കി: തുര്‍ക്കിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പുരാതന നഗരമായ അന്തിയോക്ക്യ, പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ പേരില്‍ ലോക ശ്രദ്ധയാകർഷിക്കുന്നു. ഇസ്പാര്‍ട്ട പ്രവിശ്യയിലെ പിസിഡിയ അന്തിയോക്കിയയിലെ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ്‌ പോള്‍ ദേവാലയമാണ് ആയിരകണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പതിനയ്യായിരത്തോളം പേര്‍ ഈ ദേവാലയം സന്ദര്‍ശിച്ചു കഴിഞ്ഞു.

നാലാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആറാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായതെന്ന് ഇസ്പാര്‍ട്ടായിലെ സുലെയിമാന്‍ ഡെമിറേല്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു വിഭാഗം പ്രൊഫസ്സറായ മെഹ്മെറ്റ് ഒഴാന്‍ലി പറഞ്ഞു. മുൻപ് ഇവിടെ ഒരു സിനഗോഗ് ഉണ്ടായിരുന്നതിനാല്‍ എഡി 325-ലെ സുനഹദോസില്‍ വെച്ചാണ് അന്തിയോക്ക്യ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.

സെന്റ്‌ പോള്‍ ദേവാലയം അനാട്ടോളിയന്‍ മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബസലിക്കയായതിനാല്‍ ക്രിസ്ത്യന്‍ ലോകത്ത് ഈ ദേവാലയത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്നാണ് ഒഴാന്‍ലി പറയുന്നത്. വിശുദ്ധ പൗലോസ് ഒന്നിലധികം പ്രാവശ്യം പിസിഡിയ അന്തിയോക്കില്‍ വരികയും ഇവിടത്തെ സിനഗോഗില്‍ വെച്ച് സുവിശേഷം പങ്കുവെക്കുകയും ചെയ്തിട്ടുള്ളത് അന്തിയോക്ക്യയുടേയും, സെന്റ്‌ പോള്‍ ദേവാലയത്തിന്റേയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ചരിത്രപരമായി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ മേഖലയിൽ ഗവേഷകർ പഠനം തുടരുകയാണ്. പ്രൊഫ. ഒഴാന്‍ലിയാണ് ഇപ്പോള്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗവേഷണത്തിന്റെ ഭാഗമായ ഉദ്ഘനനങ്ങള്‍ കഴിയുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കുവാനും, സമാധാനപരമായി പ്രാര്‍ത്ഥിക്കുവാനും കഴിയുന്ന ഒരു മനോഹര സ്ഥലമായി ഈ ദേവാലയം മാറുമെന്നും ഒഴാന്‍ലി പറഞ്ഞു.


Related Articles »