India - 2024

സഭയുടെ പ്രതികരണത്തിനു പ്രത്യേക പ്രാധാന്യം, അല്‍മായര്‍ ജാഗ്രത പാലിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 20-12-2018 - Thursday

കൊച്ചി: കത്തോലിക്കാസഭയുടെ പ്രതികരണത്തിനു കേരളത്തിലും ഭാരതത്തിലും പ്രത്യേക പ്രാധാന്യമുണ്ടെന്നും അതുകൊണ്ടുതന്നെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അല്‍മായര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ രൂപതകളുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെയും കുടുംബത്തിനും അല്‍മായര്‍ക്കും ജീവനുംവേണ്ടിയുള്ള കമ്മീഷന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭ തന്നെ പൗരോഹിത്യമാണെന്നും പ്രഘോഷിക്കപ്പെടുന്ന വചനവും അര്‍പ്പിക്കുന്ന ശരീരരക്തങ്ങളുമായി പുരോഹിതര്‍ മാറണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിനു തുടക്കംകുറിച്ച ക്രൈസ്തവ സമൂഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളോടു സംയുക്തസമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. സഭയ്ക്കുള്ളില്‍നിന്നു സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ സഭാനേതൃത്വം നടപടിയെടുക്കാന്‍ കാലതാമസം വരുത്തരുതെന്നും സഭയുടെ കെട്ടുറപ്പു നിലനിര്‍ത്തുന്നതിനായി നേതൃത്വം കൈക്കൊള്ളുന്ന നടപടികള്‍ക്കു പിന്തുണയും യോഗം പ്രഖ്യാപിച്ചു.

കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അഡ്വ. ജോസ് വിതയത്തില്‍, സാബു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »