News - 2024

ചരിത്രത്തിലാദ്യമായി അര്‍മേനിയന്‍ സഭക്ക് വത്തിക്കാനില്‍ സ്ഥിരം പ്രതിനിധി

സ്വന്തം ലേഖകന്‍ 20-12-2018 - Thursday

വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ റോമിലെ സ്ഥിരം പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ഖജഗ് ബര്‍സാമിയാന്‍ നിയമിതനായി. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാവിഭാഗങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക സഭ ഇതാദ്യമായിട്ടാണ് റോമില്‍ സ്വന്തം പ്രതിനിധിയെ നിയമിക്കുന്നത്. വത്തിക്കാനും, അര്‍മേനിയന്‍ സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നിയമനത്തിന്റെ പിന്നിലെ ലക്ഷ്യം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യത്തിലായിരുന്നു നിയമനം.

ബര്‍സാമിയാന്‍ മെത്രാപ്പോലീത്തയുടെ നിയമനത്തെ സംബന്ധിച്ച് അര്‍മേനിയന്‍ അപ്പസ്തോലിക സഭാ തലവനായ കാതോലിക്കോസ് കാരെക്കിന്‍ II ഫ്രാന്‍സിസ് പാപ്പാക്ക് കത്തയച്ചിരുന്നു. ഇതോടെ പാശ്ചാത്യ യൂറോപ്പിലെ പൊന്തിഫിക്കല്‍ ലെഗേറ്റും വത്തിക്കാനിലെ അര്‍മേനിയന്‍ അപ്പസ്തോലിക സഭാ പ്രതിനിധിയും എന്ന പദവിക്ക് തുര്‍ക്കിയിലെ അര്‍പ്കിര്‍ സ്വദേശിയും അറുപത്തിയേഴുകാരനുമായ ഖജഗ് ബര്‍സാമിയാന്‍ മെത്രാപ്പോലീത്ത അര്‍ഹനായി.

തന്റെ പുതിയ നിയമനത്തില്‍ സന്തുഷ്ടനാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പരസ്പര ബഹുമാനത്തിലൂടെയും, സഹകരണത്തിലൂടേയും ഇരു വിഭാഗങ്ങളേയും കൂടുതല്‍ അടുപ്പിക്കുകയും, നിലവിലുള്ള പദ്ധതികളും, പരിപാടികളും വിപുലീകരിക്കുകയുമാണ്‌ ഈ ദൗത്യത്തിലൂടെ താന്‍ ലക്ഷ്യം വെക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നിയമനത്തോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോമില്‍ പുതിയ ദൗത്യത്തിനായി എത്തിയ ആര്‍ച്ച് ബിഷപ്പ്, ക്രിസ്റ്റ്യന്‍ യൂണിവേഴ്സിറ്റിയുടെ പൊന്തിഫിക്കല്‍ സമിതി പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്റെ പൗരസ്ത്യ സഭാ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാദ്രി തുടങ്ങിയവരുമായി ഇതിനോടകം തന്നെ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അര്‍മേനിയന്‍ എയിഡ് ഫണ്ടിന്റെ പ്രസിഡന്‍റ് കൂടിയായ ബര്‍സാമിയാന്‍ മെത്രാപ്പോലീത്ത 28 വര്‍ഷത്തോളം അമേരിക്കയില്‍ അര്‍മേനിയന്‍ അപ്പസ്തോലിക സഭാ പിതാവായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ്.


Related Articles »