News

ചൈനയില്‍ കത്തോലിക്ക മഠം സർക്കാർ തകർത്തു

സ്വന്തം ലേഖകന്‍ 21-12-2018 - Friday

ഹേയ്ലോങ്ങ്ജിയാങ്: ചൈനയിലെ കത്തോലിക്ക സന്യാസിനി മഠം കമ്മ്യൂണിസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർ തകർത്തു. ഹേയ്ലോങ്ങ്ജിയാങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കികിഹാർ നഗരത്തിലെ സന്യാസിനി മഠത്തിന്റെ പകുതി ഭാഗമാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിയമപാലകർ തകർത്തത്. രണ്ടുദിവസം മുമ്പാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടമാണെന്ന് ആരോപിച്ച് സന്യാസിനി മഠം തകർക്കാൻ സർക്കാർ ഉദ്യോഗസ്ഥർ എത്തിയത്.

കെട്ടിടത്തിൽ നിന്നും ഒഴിപ്പിക്കുമെന്ന നോട്ടീസ് രാവിലെ തന്നെ സന്യാസികൾക്ക് ലഭിച്ചിരുന്നു. ഇതിനിടയിൽ രൂപത മെത്രാനായ മോൺസിഞ്ഞോർ വേയ് ജിങിയെയും സന്യാസിനികൾ വിവരം ധരിപ്പിച്ചിരുന്നു. രൂപതാ മെത്രാനും, പുരോഹിതരും, ഏതാനും വിശ്വാസികളും സർക്കാർ ഉദ്യോഗസ്ഥരുമായി ഒത്തുതീർപ്പ് ചർച്ചക്ക് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. രാത്രി 11 മണിയോടെയാണ് സര്‍ക്കാര്‍ നടപടി നടന്നത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കെട്ടിടം ഒഴിയണമെന്ന് സന്യാസികൾക്ക് നിർദ്ദേശം നൽകുകയായിരിന്നു.

ചൈനയിലെ രഹസ്യ സഭയുടെ ഭാഗമായിരുന്നു ഈ സന്യാസിനികൾ. എല്ലാം നശിപ്പിക്കണമെന്ന തീരുമാനത്തോടു കൂടിയാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നും അതിനാലാണ് അവർ ഒത്തുതീർപ്പിന് തയ്യാറാകാതിരുന്നതെന്നും വിശ്വാസികൾ പറഞ്ഞു. രഹസ്യ സഭയുടെ ഭാഗമായിട്ടുള്ളവയെ സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യിക്കാനായിട്ടുള്ള സമ്മര്‍ദ്ധത്തിന്റെ ഭാഗമാണ് ഇതെന്ന് വിശ്വാസികള്‍ പറഞ്ഞു. ചൈന- വത്തിക്കാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കാണ് രാജ്യത്തെ കത്തോലിക്ക സമൂഹം നേരിടുന്നത്.


Related Articles »