News - 2024

ഇറാഖി ക്രൈസ്തവരെ സഹായിക്കുന്നതിന് കൈക്കോര്‍ത്ത് അമേരിക്കയും ഹംഗറിയും

സ്വന്തം ലേഖകന്‍ 21-12-2018 - Friday

വാഷിംഗ്ടണ്‍ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വംശഹത്യയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഇറാഖി, സിറിയന്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിനു അമേരിക്കയും ഹംഗറിയും കൈക്കോര്‍ത്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റും (USAID) ഹംഗറി സര്‍ക്കാരുമാണ് പരസ്പര ധാരണാപത്രത്തില്‍ (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്-MoU) ഒപ്പുവെച്ചിരിക്കുന്നത്. യു‌എസ് എയിഡിനെ പ്രതിനിധീകരിച്ച് ആക്ടിംഗ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ഡേവിഡ് മൂറും, പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുവാന്‍ വേണ്ടിയുള്ള ഹംഗറി സര്‍ക്കാരിന്റെ പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിച്ച് വിദേശ മന്ത്രി ലെവെന്റെ മാഗ്യാറുമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 18-ന് പരസ്പരധാരണാപത്രത്തില്‍ ഒപ്പു വെച്ചത്.

ഭവനരഹിതരും, അടിച്ചമര്‍ത്തപ്പെട്ടവരുമായ മധ്യപൂര്‍വ്വേഷ്യയിലെ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുവാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പരസ്പര ധാരണ പത്രമെന്ന് യു.എസ് എയിഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിവിധ മേഖലയിലുള്ള സഹായ പദ്ധതികളുടെ പുരോഗതിക്കായി ഇരു രാജ്യവും തങ്ങളുടെ പക്കലുള്ള വിവരങ്ങളും, ഉറവിടങ്ങളും പരസപരം കൈമാറ്റം ചെയ്യുമെന്നു ധാരണയിലുണ്ട്.

മധ്യപൂര്‍വ്വേഷ്യയിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കുവാനുള്ള ബില്ലില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവെച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഹംഗറിയും, യുസ് എയിഡും തമ്മില്‍ പരസ്പരധാരണയില്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമേ, ഇറാഖിലെയും, സിറിയയിലെയും ക്രിസ്ത്യാനികളെ സഹായിക്കുവാനായി ഈ ആഴ്ച തന്നെ കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്സുമായി മറ്റൊരു പ്രധാന കരാറിലും യുഎസ് എയിഡ് ഒപ്പുവെച്ചിരുന്നു.


Related Articles »