News - 2024

ക്രിസ്തുമസ് കാലത്തെ ശ്രദ്ധാകേന്ദ്രമായി ബെത്ലഹേമിലെ നവജാത ശിശുക്കളുടെ അഭയകേന്ദ്രം

സ്വന്തം ലേഖകന്‍ 21-12-2018 - Friday

ബെത്ലഹേം‍: ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിനു സമീപത്തു ഉണ്ണീശോയെ ഓര്‍മ്മിപ്പിക്കുന്ന നവജാത ശിശുക്കളുടെ അഭയകേന്ദ്രമായ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ക്രിസ്തുമസ് കാലത്ത് ശ്രദ്ധാകേന്ദ്രമാകുന്നു. ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ നോക്കാതെ നവജാത ശിശുക്കളുടെ ജനനത്തിലും പരിപാലനത്തിലും ശ്രദ്ധചെലുത്തുന്ന ആശുപത്രിയുടെ പ്രസിദ്ധി ദിവസംതോറും വര്‍ദ്ധിച്ചു വരികയാണ്. ഓരോ വര്‍ഷവും ഏതാണ്ട് നാലായിരത്തിയഞ്ഞൂറോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ പിറന്നുവീഴുന്നത്. യേശുവിന്റെ ജനനം കൊണ്ട് ലോകത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പിറവി ദേവാലയത്തില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.

ആശുപത്രിയുടെ സഹായം സ്വീകരിക്കുന്ന അമ്മമാരില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസത്തില്‍പ്പെട്ടവരാണ്. ഹോളി ഫാമിലി ഫൗണ്ടേഷന്റേയും, സോവറിന്‍ മിലിട്ടറി ഓര്‍ഡറിന്റേയും ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നവരാണ് ഈ ആശുപത്രിയിലെ രോഗികളില്‍ പകുതിയിലേറെ പേരും. 1880-കളില്‍ ബെത്ലഹേമിലെ ഒരു ജനറല്‍ ആശുപത്രിയായിട്ടാണ് ഹോളി ഫാമിലി ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി കന്യാസ്ത്രീകളുടെ കീഴിലായിരുന്ന ഈ ആശുപത്രി 1980-കളില്‍ അടച്ചുപൂട്ടി.

പിന്നീട് ‘സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍’ എന്ന മാള്‍ട്ടായിലെ അല്‍മായ സന്യാസ സഭയുടെ കീഴില്‍ ഒരു പ്രസവാശുപത്രിയായിട്ടാണ് ഇത് വീണ്ടും തുറന്നത്. ഈ ആശുപത്രിയുടെ കീഴില്‍ പരിശീലനം സിദ്ധിച്ച നൂറ്റിനാല്‍പ്പതോളം മെഡിക്കല്‍ വര്‍ക്കേഴ്സ് പലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. ഓരോ ജീവനും അമൂല്യമാണ്‌ എന്ന കത്തോലിക്കാ പ്രോലൈഫ് ചിന്താഗതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രി കൂടിയാണിത്.


Related Articles »