Meditation. - March 2024

പിതാവിന്‍റെ ഇഷ്ടത്തിന് കീഴ് വഴങ്ങിയ തിരുകുമാരന്‍

സ്വന്തം ലേഖകന്‍ 13-03-2024 - Wednesday

"രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ" (മത്തായി 26:42).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 13

സുവിശേഷകന്റെ വാക്കുകൾ പ്രകാരം, ദുഃഖവും അതികഠിനമായ വേദനയും യേശുവിനെ ആഗിരണം ചെയ്തു എന്നുവേണമെങ്കില്‍ പറയാം. ഗദ്സെമൻ തോട്ടത്തിലെ മുഴുവൻ പ്രാർഥനയും സഹനത്തിലുള്ള ഭയം മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. മനുഷ്യപുത്രൻ പീഡാനുഭവത്തിനു മുന്‍പ് ഉരുവിടുന്ന പ്രാര്‍ത്ഥനയിൽ ഈ ആകുലത മുഴുവൻ നിറഞ്ഞു നിൽക്കുന്നത്‌ നമ്മുക്ക് കാണാന്‍ സാധിയ്ക്കും. തീർച്ചയായും 'ആ രാത്രി മുഴുവനും പ്രാർത്ഥനയിൽ ചിലവഴിച്ചു' എന്ന പരാമർശം സുവിശേഷങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത് നമ്മുക്ക് കാണാന്‍ സാധിയ്ക്കും.

നമ്മുടെ പ്രാർത്ഥനകൾ ഒന്നും ഗദ്സെമനിയിലെ പ്രാർത്ഥനയുടെ തീവ്രതയ്ക്കും ആഴത്തിനും തുല്യമാവുന്നില്ല. യേശുക്രിസ്തുവിന്റെ ജീവിതത്തിൽ ഗത്സമനിയിലെ നിമിഷത്തിന്റെ നിർണായകത വേറൊരിക്കലും ഇല്ലായിരുന്നു എന്നത് ഉറപ്പാണ്. യേശുവിന്റെ ജീവിതത്തിൽ, പിതാവിന്റെ ഇഷ്ടത്തിനു അനുസരിച്ച് ഇത്ര നിർണായകമായി ഒരു തീരുമാനം എടുക്കേണ്ട ഒരു സന്ദർഭവും മുൻപില്ലായിരുന്നു. ലോകത്തെ അത്രമാത്രം സ്നേഹിച്ച ആ പിതാവ്, അവനിൽ വിശ്വസിക്കുന്ന ആരും നശിച്ചു പോകാതിരിക്കുവാനും നിത്യജീവൻ ലഭിക്കുവാനും സ്വന്തം പുത്രനെ ബലിയായി നല്കി.

'എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' എന്ന് കർത്താവു പറയുമ്പോൾ, പിതാവിനെ കുറിച്ചുള്ള സത്യവും ആ പിതാവിന്റെ മാനവിക രക്ഷയുടെ സ്നേഹവും വെളിപെട്ടു കിട്ടുന്നു. പിതാവിന്റെ 'തിരുവിഷ്ടം' എന്ന് പറയുന്നത് അവിടുത്തെ രക്ഷാകരസ്നേഹം തന്നെയാണ്. തന്റെ പുത്രന്റെ രക്ഷാകരമായ ത്യാഗബലിയിൽ കൂടിയാണ് ലോകത്തിന്റെ വീണ്ടെടുപ്പ് അവിടുന്ന് പൂര്‍ത്തീകരിച്ചത്. മാനവരാശിയുടെ ഉത്തരവാദിത്വം മുഴുവൻ തന്റെ ചുമലിൽ ഏറ്റി, പിതാവായ ദൈവത്തോടുള്ള പ്രാർത്ഥനയിൽ യേശു അനുഭവിക്കുന്ന തീവ്രവും, ദുസ്സഹവും ആയ വേദന നമ്മുടെ രക്ഷയുടെ അച്ചാരമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.4.87)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »