News - 2024

സീറോ മലബാര്‍ സഭക്ക് കാനഡയില്‍ പുതിയ രൂപത: മാര്‍ ജോസ് കല്ലുവേലില്‍ രൂപതാദ്ധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 22-12-2018 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കാനഡയിലെ മിസിസാഗ ആസ്ഥാനമായി പുതിയ രൂപത അനുവദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ്. അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് ആയിരുന്ന മിസിസാഗയെ രൂപതയായി ഉയര്‍ത്തിക്കൊണ്ടാണ് പാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. തബാല്‍ത്താ രൂപതയുടെ സ്ഥാനിക മെത്രാനും കാനഡായിലെ അപ്പസ്‌തോലിക് എക്‌സാര്‍ക്കുമായിരുന്ന മാര്‍ ജോസ് കല്ലുവേലിലാണ് മിസിസാഗ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്.

ഇതു സംബന്ധമായി മാര്‍പാപ്പായുടെ പ്രഖ്യാപനം 2018 ഡിസംബര്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും അതിനു തുല്യമായ സമയത്ത് കാനഡായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാനഡായില്‍ അപ്പസ്‌റ്റോലിക് എക്‌സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിയുമാണ് അറിയിപ്പുകള്‍ നടത്തിയത്.

2015 ഓഗസ്റ്റ് ആറിനായിരുന്നു കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റു സ്ഥാപിതമായതും മാര്‍ ജോസ് കല്ലുവേലില്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കായി നിയമിക്കപ്പെട്ടതും. രൂപതയുടെ പദവി ഇല്ലാത്തതും എന്നാല്‍ രൂപതയോട് സമാനവുമായ സഭാ ഭരണ സംവിധാനമാണ് എക്‌സാര്‍ക്കി. വിശ്വാസികളുടെ എണ്ണം കൂടുകയും ഇടവകകള്‍ സ്ഥാപിക്കപ്പെടുകയും മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടുകയും ചെയ്തു കഴിയുമ്പോഴാണ് എക്‌സാര്‍ക്കി രൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഇപ്രകാരം മൂന്നര വര്‍ഷത്തെ കാലഘട്ടത്തിനുള്ളില്‍ കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു രൂപതയുടെ സംവിധാനങ്ങളെല്ലാം ക്രമീകൃതമായി എന്നു ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് പുതിയ രൂപത സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

കാനഡ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയില്‍ ഒന്‍പതു പ്രോവിന്‍സുകളിലായി 12 ഇടവകകളും 34 മിഷന്‍ കേന്ദ്രങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന നാലാമത്തെ രൂപതയാണ് മിസിസാഗാ. ഇതുള്‍പ്പെടെ 35 രൂപതകളാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. പുതിയ രൂപതയുടെ ഉദ്ഘാടനവും മെത്രാന്റെ സ്ഥാനാരോഹണവും സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കും.


Related Articles »