India - 2024

ഒരേ ദിനത്തില്‍ ഒരു വേദിയില്‍ വൈദികപട്ടം സ്വീകരിക്കുവാന്‍ സഹോദരങ്ങള്‍

സ്വന്തം ലേഖകന്‍ 23-12-2018 - Sunday

നീലൂര്‍ (പാലാ): ഒരേ ദിനത്തില്‍ ഒരു വേദിയില്‍ ഒരു കുടുംബത്തു നിന്നു വൈദികപട്ടം സ്വീകരിക്കുന്നതിന് സഹോദരങ്ങള്‍ ഒരുങ്ങുന്നു. നീലൂര്‍ പേണ്ടാനത്ത് കുടുംബത്തിലെ ബാബു- റെജി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടു പേരായ ജോസഫും (എബി) സെബാസ്റ്റ്യനുമാണ് (ചാള്‍സ്) വൈദിക ജീവിതം തെരഞ്ഞെടുത്തു ഒടുവില്‍ ഈശോയ്ക്ക് വേണ്ടി അഭിഷിക്തരാകുവാന്‍ ഒരുങ്ങുന്നത്. മാതൃഇടവകയായ നീലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍വെച്ചു 29നു രാവിലെ 9.15 നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരുപട്ട ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ചാള്‍സ് പാലാ രൂപതയ്ക്കു വേണ്ടിയും മൂത്ത മകന്‍ എബി വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു വേണ്ടിയുമാണ് വൈദികരാകുന്നത്. ഇരുവരും പത്താം ക്ലാസ് വരെ നീലൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. എബിയാണ് ആദ്യം സെമിനാരിയില്‍ ചേര്‍ന്നത്. ബാംഗളൂര്‍ ഡി പോള്‍ ഫിലോസഫി ഇന്‍സ്റ്റ്റിയൂട്ടില്‍ പഠനം പൂര്‍ത്തിയാക്കി. ധര്‍മാരാം കോളജില്‍നിന്നു പിജിയും നേടി. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ പഠിക്കുന്‌പോള്‍ ദൈവശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ വിജയം നേടി.

ചാള്‍സ് പാലാ രൂപത മൈനര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍ ഫിലോസഫിയും തിയോളജിയും പഠനം പൂര്‍ത്തിയാക്കി. മക്കള്‍ തിരഞ്ഞെടുത്ത ദൈവവിളിയെ ദൈവനിയോഗമെന്നാണ് മാതാപിതാക്കള്‍ വിശേഷിപ്പിക്കുന്നത്. ഏക സഹോദരി അനീന ദുബായിയില്‍ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്യുകയാണ്. സഹോദരങ്ങളുടെ അഭിഷേക കര്‍മ്മത്തിനും പ്രഥമ ദിവ്യബലിക്കുമായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നീലൂര്‍ ഇടവക.


Related Articles »