News - 2024

സഹനങ്ങളിലൂടെ കടന്നുപോകുന്ന വിഭാഗങ്ങളെ സ്മരിച്ച് പാപ്പയുടെ ക്രിസ്തുമസ് സന്ദേശം

സ്വന്തം ലേഖകന്‍ 26-12-2018 - Wednesday

വത്തിക്കാന്‍ സിറ്റി: വിവിധങ്ങളായ സഹനങ്ങളിലൂടെ കടന്നുപോകുന്ന വിഭാഗങ്ങളെ സ്മരിച്ച് റോമാ നഗരത്തോടും ലോകത്തോടും ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശം. സ്നേഹം, പരസ്പരമുള്ള അംഗീകാരം, മനുഷ്യത്വത്തെക്കുറിച്ചുള്ള ആദരവ്, ബഹുമാനം, എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ നാം പങ്കുവയ്ക്കുമ്പോഴാണ് രക്ഷ സംജാതമാകുന്നതെന്ന് ക്രിസ്തു തന്റെ മനുഷ്യാവതാരത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുവെന്നു പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാനമില്ലാത്ത അവസ്ഥകളെ കുറിച്ചും പാപ്പ വിവരിച്ചു.

പലസ്തീനും ഇസ്രായേലും സംവാദത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്താന്‍ തിരഞ്ഞെടുത്ത ഭൂമിയില്‍ സമാധാനപാതകള്‍ തുറക്കട്ടെയെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. നീണ്ട കാലയളവിലെ യുദ്ധംമൂലം സിറിയ കീറിമുറിപ്പെട്ടതെങ്കിലും രാജ്യത്തു സമാധാനം പുനര്‍സ്ഥാപിക്കാന്‍ ഉണ്ണിയേശു അവരെ തുണയ്ക്കട്ടെ. യുദ്ധവും ക്ഷാമവുംമൂലം മദ്ധ്യപൂര്‍വ്വദേശത്തെ ക്ഷയിച്ച യെമന്‍ എന്ന രാജ്യത്തെ പ്രത്യേകമായി ഓര്‍ക്കാം. കലാപവും ക്ഷാമവും മൂലം യെമനിലെ ജനങ്ങള്‍ക്ക് രാജ്യാന്തര സമൂഹം അവിടെ ലഭ്യമാക്കിയ ഇടക്കാല യുദ്ധവിരാമം പൂര്‍ണ്ണ പരിഹാരങ്ങളിലേയ്ക്ക് ആ നാടിനെ പതിയെ നയിക്കുമെന്ന് പ്രത്യാശിക്കുന്നു.

കൊറിയ ഉപഭൂഖണ്ഡത്തിലെ സാഹോദര്യത്തിന്‍റെ ഉടമ്പടികളെ ഈ ക്രിസ്തുമസ് ഐക്യപ്പെടുത്തട്ടെയെന്നും വെനസ്വേലയുടെ സാമൂഹ്യകൂട്ടായ്മ പുനര്‍സ്ഥാപിക്കാനും യുക്രൈനില്‍ വൈകുന്ന യഥാര്‍ത്ഥമായ സമാധാനം ശിശുവായ ദൈവം വീണ്ടുനല്കട്ടെയെന്നും നിക്കരാഗ്വന്‍ ജനതയ്ക്കിടയിലെ ഭിന്നിപ്പും കലാപവും ഉണ്ണീശോ അകറ്റട്ടെയെന്നും പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെയും പാപ്പ സ്മരിച്ചു.

പ്രതിബന്ധങ്ങള്‍ക്കിടയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളായ സമൂഹങ്ങളെയും ഓര്‍ക്കുന്നു. അവര്‍ അവിടങ്ങളില്‍ ക്ലേശിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ക്രൈസ്തവര്‍ അവരുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ട് വിശ്വാസ സ്വാതന്ത്ര്യം അനുഭവിച്ച് സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കണമെന്നു ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ത്രികാലപ്രാര്‍ത്ഥനക്കു ശേഷം പൂര്‍ണ്ണ ദണ്ഡവിമോചനത്തോടു ഒപ്പമുള്ള അപ്പസ്തോലിക ആശീര്‍വ്വാദം എല്ലാവര്‍ക്കും നല്‍കിയതിന് ശേഷമാണ് പാപ്പ മട്ടുപ്പാവില്‍നിന്നും പിന്‍വാങ്ങിയത്.


Related Articles »