India - 2024

ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് വിശ്വാസത്തില്‍ അടിയുറച്ചു ജീവിതം നയിക്കുമ്പോള്‍: ഡോ. സിറിയക് തോമസ്

സ്വന്തം ലേഖകന്‍ 28-12-2018 - Friday

കൊച്ചി: വിശ്വാസത്തില്‍ അടിയുറച്ചു ജീവിതം നയിക്കുമ്പോള്‍ ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്. സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപതകളിലെ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്നവരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തുന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം നിയമസംഹിതയാണ്. ഇവ നമുക്കു നേരായ പല കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്. എല്ലാ നിയമസംഹിതകളും ചിലപ്പോള്‍ യുക്തിക്കു നിരക്കുന്നതായിരിക്കണമെന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പ്രസംഗിച്ചു. ഫാ. ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡോ. റോസ് ജോസ്, ഡോ. കൊച്ചുറാണി ജോസഫ്, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരാണു വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിക്കുന്നത്. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഇന്നു ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും.

നാളെ രാവിലെ 10.30നു വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തും. തുടര്‍ന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. മ്യൂസിയം സന്ദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.


Related Articles »