Faith And Reason

ക്രൈസ്തവ രക്തം വൃഥാവിലല്ല: കന്ധമാല്‍ ഇരകളായ നാലുപേര്‍ തിരുപ്പട്ടം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 28-12-2018 - Friday

ന്യൂഡൽഹി: ക്രൈസ്തവരുടെ ചുടുചോരയില്‍ നിന്നു വിശ്വാസം കത്തിപ്പടര്‍ന്ന കന്ധമാലിൽ വീണ്ടും തിരുപ്പട്ട സ്വീകരണം. ഇന്നലെ കട്ടക്ക് - ഭുവനേശ്വർ അതിരൂപതയുടെ സൈമൺബാദി മേരി മാത ദേവാലയത്തിൽ നടന്ന തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ നാലു പേരാണ് വൈദികരായി അഭിഷിക്തരായത്. ഫാ. റാഹുൽ ബസ്ത്രേ, ഫാ.ജോർജ് പത്മാജി, ഫാ.ആനന്ദ് പ്രഥാൻ, ഫാ. അമർ കുമാർ സിങ്ങ് എന്നിവരാണ് കപ്പൂച്ചിന്‍ സഭയിലെ അംഗങ്ങളായി തിരുപ്പട്ടം സ്വീകരിച്ചത്. വിശ്വാസികൾക്ക് മോശ നേതാവായതുപ്പോലെ ദൈവജനത്തെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് നവവൈദികരെന്ന് ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ച ബർഹാംപുർ ബിഷപ്പ് ശരത്ത് ചന്ദ്ര നായക് പറഞ്ഞു.

ഈജിപ്തിലെ അടിമത്വത്തിൽ നിന്നും ദൈവം വാഗ്ദാനം ചെയ്ത നാട്ടിലേക്ക് ഇസ്രായേൽക്കാരെ നയിക്കാൻ മോശയ്ക്ക് ലഭിച്ച വിളി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ക്രൈസ്തവ വിശ്വാസം ഒഴികെ ബാക്കിയെല്ലാം കൊള്ളയടിക്കപ്പെട്ട ഒഡീഷയിലെ വിശ്വാസികളോടൊപ്പം ദൈവം വസിക്കുന്നു. മതേതര രാഷ്ട്രമായ ഭാരതത്തിൽ ചില സംസ്ഥാനങ്ങളിലെല്ലാം മതപരിവർത്തന നിയമങ്ങൾ കർശനമാക്കിയത് ഖേദകരമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തിരുപ്പട്ട ചടങ്ങിൽ നാൽപത്തിയേഴ് വൈദികരും ഇരുപത് സന്യസ്തരും ഉൾപ്പെടെ ആയിരത്തിയഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു.

2007-08 കാലഘട്ടത്തിൽ കന്ധമാലിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന കലാപത്തിൽ ബരക്കോമ അരുണോദയ കപ്പുച്ചിൻ മൈനർ സെമിനാരി രണ്ടു തവണ ആക്രമിക്കപ്പെട്ടിരുന്നു. 2007 ക്രിസ്തുമസ് വേളയിലാണ് സെമിനാരിയ്ക്കു നേരെ ആദ്യത്തെ ആക്രമണമുണ്ടായത്. തീവ്ര ഹൈന്ദവ വാദികളിൽ നിന്നും രക്ഷ നേടാൻ വനത്തിൽ ഒളിച്ച വിദ്യാർത്ഥികൾക്ക് കെട്ടിട നിർമ്മാണം പൂർത്തിയാക്കി 2008 ജൂണിലാണ് സെമിനാരിയിലേക്ക് തിരിച്ചെത്താനായത്. എന്നാൽ, രണ്ടു മാസങ്ങൾക്ക് ശേഷം സെമിനാരി കൊള്ളയടിയ്ക്കുകയും തീവയ്ക്കുകയും ചെയ്തു. തുടർന്ന്, രണ്ടാഴ്ച സമീപ ഗ്രാമത്തിൽ ക്രൈസ്തവരോടൊപ്പം താമസിച്ചാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്.

ജില്ലയില്‍ വർഗ്ഗീയ ഇടപെടല്‍ രൂക്ഷമാണെങ്കിലും വൈദിക പഠനം പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഫാ. പ്രഥാൻ പങ്കുവെച്ചു. പ്രക്ഷോഭത്തെ തുടർന്ന് വനത്തിൽ അഭയം തേടിയ സെമിനാരി വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ സാധിച്ചത് ദൈവത്തിന്റെ കൃപയാണെന്നും ദൈവരാജ്യത്തിനായി പ്രവർത്തിക്കാൻ അവിടുന്ന് അവരെ സംരക്ഷിക്കുകയായിരുന്നുവെന്നും കപ്പൂച്ചിൻ മേരി മാത പ്രോവിൻസ് അദ്ധ്യക്ഷനായ ഫാ. മേല്‍ക്കോയിര്‍ പറഞ്ഞു. ആധുനിക ലോകത്തിന് മാതൃകയാണ് കന്ധമാല്‍ ജനതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവം നമ്മുടെ കൂടെയെങ്കിൽ ആര് നമുക്ക് എതിര് നിൽക്കുമെന്ന ദൈവവചനം ഏറ്റുപറഞ്ഞാണ് ഫാ. പ്രഥാന്റെ അമ്മ ക്രിസ്റ്റീന കന്ധമാല്‍ ദുരന്തത്തെ അനുസ്മരിച്ചത്. 2006-ൽ മൈനർ സെമിനാരിയിൽ ചേർന്ന നാല് വിദ്യാർത്ഥികൾ നൊവിഷ്യേറ്റിന്റെ ആദ്യ വർഷം ഇടുക്കിയിലെ കട്ടപ്പനയിലാണ് പൂർത്തീകരിച്ചത്. 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു.

തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും, ആറായിരത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് പുതിയ വൈദികരുടെ ദൈവവിളി സൂചിപ്പിക്കുന്നത്.


Related Articles »