India - 2024

കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം: പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 29-12-2018 - Saturday

കോട്ടയം: കോട്ടയം പാത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് ഇന്നേക്ക് ആറുദിവസം. പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണു സ്വന്തം വീട്ടിലേക്കു മടങ്ങാനാകാതെ കുട്ടികള്‍ക്കൊപ്പം അഞ്ചു കുടുംബങ്ങള്‍ പൊലീസ് കാവലില്‍ പള്ളിയില്‍ കഴിയുന്നത്. കഴിഞ്ഞ 23നു രാത്രിയാണു സ്ത്രീകളും കുട്ടികളും അടങ്ങിയ കാരള്‍ സംഘത്തെ പ്രാദേശിക യുവാക്കള്‍ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ആറു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറിയെന്നാണ് ആരോപണം.

23ന് രാത്രി 8.30നാണ് സംഭവങ്ങള്‍ക്കു തുടക്കം. പാത്താമൂട്ടം കൂമ്പാടി സെന്റ്‌ പോള്‍സ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ യുവജന സംഘം, സ്ത്രീജന സംഖ്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ഇരുപതിലധികം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം അഴിച്ചുവിട്ടു. കരോള്‍ സംഘം മുട്ടുചിറ കോളനിയിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു മറ്റുപാട്ടുകള്‍ പാടുകയും അസഭ്യം പറയുകയും പെണ്‍കുട്ടികളെ അധിക്ഷേപിക്കുയും ചെയ്തു. കരോള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തെ എതിര്‍ത്തപ്പോള്‍ സംഘാംഗങ്ങളെ മര്‍ദിക്കുകയും വാദ്യോപകരണങ്ങള്‍ നശിപ്പിക്കുകയുമായിരിന്നു.

ഭീഷണിയെത്തുടര്‍ന്ന് രക്ഷപ്പെട്ട് പള്ളിയില്‍ ഓടിക്കറിയവരുടെ വീടുകള്‍ക്കുനേരെയായിരുന്നു രണ്ടാമത്തെ ആക്രമം. വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്രിച്ചു. ഒപ്പം ബൈക്കും ഓട്ടോയും തല്ലിതകര്‍ത്തു. സ്ത്രീകളടക്കമുള്ളവര്‍ പള്ളിയിലെ അല്‍ത്താരയില്‍ അഭയംതേടിയതോടെ മാരകായുധങ്ങളുമായാണു മൂന്നാമത്തെ അക്രമം നടന്നത്.

പള്ളിയില്‍കയറി ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും കസേരകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. കൂട്ടമണിയടിച്ചപ്പോള്‍ പിന്‍വാങ്ങിയ ആക്രമിസംഘം സമീപത്തെ വാഴകൃഷി നശിപ്പിച്ചു. പോലീസ് വാഹനത്തിലാണു പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശവാസികളില്‍നിന്നു മൊഴിയെടുത്ത പോലീസ് ഏഴുപേര്‍ക്കെതിരെയാണു കേസെടുത്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് വിശ്വാസികള്‍ ആരോപിച്ചു.


Related Articles »